മാതാപിതാക്കള്‍ നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ സമ്മതിക്കില്ല. ഒടുവില്‍ ഇവരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് കുടുംബത്തിലെ മൂന്നുപേരെയും ഇല്ലാതാക്കിയ 19 കാരന് പ്രതി പറഞ്ഞു. ഡെല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാതാപിതാക്കളായ മിതിലേഷ് (44), ഭാര്യ സിയ (38) ഇളയ മകള്‍ നേഹ (15) എന്നിവരെയാണ് സൂരജ് വര്‍മയെന്ന 19കാരന് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. കുടുംബത്തില്‍ അവശേഷിച്ച ഏക അംഗമായ സൂരജിനെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുടുംബത്തെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സൂരജ് പറഞ്ഞ മോഷണ കഥ പൊലീസ് വിശ്വാസത്തില്‍ എടുത്തില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണം നടന്നിട്ടില്ലെന്നും വ്യക്തമായി. മാത്രമല്ല, കുടുംബത്തിലെ മൂന്ന് പേരേയും കൊലപ്പെടുത്തിയിട്ടും മകനെ വെറുതെ വിട്ടത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
സംഭവം നടന്ന ദിവസം മിതിലേഷ് സൂരജിനെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കടയില്‍ പോയി കത്തിയും കത്രികയും വാങ്ങിച്ചു.
വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കൈയില്‍ കരുതിയ കത്തിയും കത്രികയും എടുത്ത് മാതാപിതാക്കളുടെ മുറിയിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണര്‍ന്ന മാതാവിനേയും. അതിനുശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ സൂരജിന്റെ വിരലടയാളം പതിഞ്ഞിരുന്നു. മാത്രമല്ല, കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും കണ്ടെത്തി. ഇതോടെ പൊലീസ് പ്രതി സൂരജ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.