യുഎസിലേക്ക് മെക്‌സിക്കോ വഴി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന സെന്‍ട്രല്‍ അമേരിക്കക്കാര്‍ മാലാഖമാരല്ല; മറിച്ച് കൊടുംക്രിമിനലുകളാണെന്ന് ട്രംപ്; ഇത്തരം കുറ്റവാളികളെ യുഎസില്‍ വച്ച് പൊറുപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രസിഡന്റ്

യുഎസിലേക്ക് മെക്‌സിക്കോ വഴി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന സെന്‍ട്രല്‍ അമേരിക്കക്കാര്‍ മാലാഖമാരല്ല; മറിച്ച് കൊടുംക്രിമിനലുകളാണെന്ന് ട്രംപ്; ഇത്തരം കുറ്റവാളികളെ യുഎസില്‍ വച്ച് പൊറുപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രസിഡന്റ്
മെക്‌സിക്കോയിലേക്ക് കടന്ന് കയറി അവിടുന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ മാലാഖമാരല്ലെന്നും മറിച്ച് കൊടും കുറ്റവാളികളാണെന്നും ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെള്ളിയാഴ്ച ട്രംപ് അരിസോണയില്‍ ക്യാമ്പ് ചെയ്യുന്ന വേളയില്‍ ഗ്വാട്ടിമാലന്‍ അതിര്‍ത്തിയിലെ വേലി നുഴഞ്ഞ് കയറി ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് മെക്‌സിക്കന്‍ പ്രദേശത്തെത്തിക്കൊണ്ടിരുന്നത്.

ഇതിനെ തുടര്‍ന്ന് ഇവരെ തടയുന്നതിനായി മെക്‌സിക്കോ അധികമായി റയട്ട് പോലീസിനെ സര്‍വസന്നാഹങ്ങളുമായി വിന്യസിക്കുകയും ചെയ്തിരുന്നു. ഓഫീസര്‍മാര്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചിട്ടും നിരവധിപേര്‍ അവയെയെല്ലാം മറി കടന്ന് മെക്‌സിക്കോയിലെത്തിയിരുന്നു. ഇത്തരത്തിലെത്തുന്നവര്‍ ക്രിമിനലുകളാണെന്നതിന് തെളിവുണ്ടോയെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മുന്നില്‍ ട്രംപ് ക്ഷുഭിതനായിരുന്നു.'' സ്വയം ഒരു ചെറിയ കുട്ടിയാവല്ലേ'' എന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടറെ ട്രംപ് പരിഹസിച്ചത്.

ഈ പ്രശ്‌നം താന്‍ ചര്‍ച്ച ചെയ്യുമ്പോഴും മെക്‌സിക്കന്‍ പട്ടാളക്കാര്‍ അഭയാര്‍ത്ഥികളെ തടയുന്നത് കണ്ണ് തുറന്ന് കാണാനായിരുന്നു ട്രംപ് പ്രസ്തുത റിപ്പോര്‍ട്ടറോട് നിര്‍ദേശിച്ചത്. ഇത്തരത്തില്‍ ക്രിമിനലുകളും ക്രൂരരുമായ അഭയാര്‍ത്ഥികളെ യുഎസില്‍ വച്ച് പൊറുപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് തുറന്നടിച്ചിരുന്നു. വെള്ളിയാഴ്ച അരിസോണയിലെ ലൂക്ക് എയര്‍ഫോഴ്‌സ്‌ബേസില്‍ വച്ച് ട്രംപ് വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ട്രംപിനൊപ്പം ചര്‍ച്ച ചെയ്യാന്‍ ഡിഫെന്‍സ് ഇന്റസ്ട്രി എക്‌സിക്യൂട്ടീവുകളും ലോക്കല്‍ ബിസിനസ് ലീഡര്‍മാരും എത്തിച്ചേര്‍ന്നിരുന്നു.

Other News in this category4malayalees Recommends