രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല ; സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും ; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ചിദംബരം

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല ; സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും ; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ചിദംബരം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയാന്‍ ബിജെപി തന്ത്രം മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ എഐസിസി ഇടപെടുകയും അത് തടയുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. തല്‍സ്ഥാനത്ത് പുരോഗമനപരവും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും നികുതി ഭീകരവാദം ഇല്ലാത്തതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണംകൊടുക്കുന്നതും കര്‍ഷക സൗഹാര്‍ദപരവുമായ ഒരു സര്‍ക്കാരാണ് വരേണ്ടത്.' ചിദംബരം പറഞ്ഞു.

സംസ്ഥാന തലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയതോതില്‍ മാറും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പ്രാദേശിക പാര്‍ട്ടികളെ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിയുടെ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends