സിനിമയില്‍ അഭിനയിക്കുന്നോയെന്ന് മഞ്ജുവാര്യര്‍ ചോദിച്ചപ്പോള്‍ കാര്‍ത്യായനിയമ്മ പറഞ്ഞു, എനിയ്ക്ക് പഠിച്ചാല്‍ മതി

സിനിമയില്‍ അഭിനയിക്കുന്നോയെന്ന് മഞ്ജുവാര്യര്‍ ചോദിച്ചപ്പോള്‍ കാര്‍ത്യായനിയമ്മ പറഞ്ഞു, എനിയ്ക്ക് പഠിച്ചാല്‍ മതി
കേരളക്കരയില്‍ താരമായി മാറിയിരിക്കുകയാണ് ഹരിപ്പാട് ചേപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ എന്ന 96 കാരി. 40,368പേര്‍ പരീക്ഷയെഴുതിയ സാക്ഷരത മിഷന്റെ അക്ഷരലക്ഷം പദ്ധതിയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാംസ്ഥാനം നേടിയാണ് 96കാരിയായ കാര്‍ത്യായനിയമ്മ കേരളക്കരയെ ഞെട്ടിച്ചത. അക്ഷരലക്ഷം നാലാംക്ലാസ്സ് തുല്യത പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പരീക്ഷാര്‍ത്ഥിയായിരുന്നു കാര്‍ത്യായനിയമ്മ.

കാര്‍ത്യായനി അമ്മയെ കാണാന്‍ നടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസമെത്തി. കുശലാന്വേഷണങ്ങള്‍ നടത്തി. സിനിമയില്‍ അഭിനയിക്കുന്നോ എന്നോ ചോദിച്ച മഞ്ജുവിനോട് എനിക്ക് പഠിക്കാനാണ് ഇഷ്ടമെന്നാണ് കാര്‍ത്യായനിയമ്മ പറഞ്ഞത്. ഇനി കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കാര്‍ത്യായനിയമ്മ പറഞ്ഞു. സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹരിപ്പാടെത്തിയപ്പോഴാണ് മഞ്ജു കാര്‍ത്യായനിയമ്മയുമായി കൂടിക്കാഴ്ച നടത്തിയത്.

ദൈവം ആയുസ്സ് നല്‍കിയാല്‍ പത്താം തരം തുല്യതാ പരീക്ഷ വേഗം പാസാകണം എന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം. കമ്പ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മയ്ക്ക് മോഹമുണ്ട്. പക്ഷെ തനിക്ക് ആര് കമ്പ്യൂട്ടര്‍ നല്‍കുമെന്നും പഠിപ്പിക്കുമെന്നുമുള്ള ആശങ്ക അലട്ടുന്നുണ്ട്. പറ്റിയാല്‍ കമ്പ്യൂട്ടര്‍ പഠിച്ച് ഒരു ചെറിയ ജോലി വാങ്ങാനുളള മനസ്സുറപ്പുണ്ട് ഈ മുത്തശ്ശിക്ക്. മനസ്സുറപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും എല്ലാം സാധിക്കും എന്നാണ് കര്‍ത്യായനിയമ്മയുടെ ഭാഷ്യം.

Other News in this category4malayalees Recommends