വരാന്‍ പോകുന്ന തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് കമല്‍ഹാസന്‍

വരാന്‍ പോകുന്ന തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് കമല്‍ഹാസന്‍
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പുതിയ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുന്നതായി സൂചന. വരാന്‍ പോകുന്ന തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സജ്ജമാണെന്ന് പ്രഖ്യാപനത്തോടെയാണ് കമല്‍ഹാസന്‍ പുതിയ നീക്കത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്. 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നേരത്തെ പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ലോക്‌സഭയിലേക്കുള്ള 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു കമല്‍ഹാസന്റെ നിലപാട്.

പെട്ടെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച് കൊണ്ട് പുതിയ പ്രഖ്യാപനം നടത്തിയതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ പഠിക്കുന്നതിനുമാണ് മക്കള്‍ നീതി മയ്യം പ്രധാനമായിട്ടും ലക്ഷ്യമിടുന്നത്. ഇതിനും പുറമെ ഡിഎംകെ, എഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ മോശം പ്രകടനം തങ്ങള്‍ക്ക് കാര്യങ്ങള്‍ നേരത്തെ അനുകൂലമാക്കിയെന്ന് കമല്‍ഹാസന്‍ വിശ്വസിക്കുന്നു.

ഇതു വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നു നടത്തിയാലും മത്സരിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് കമല്‍ഹാസന്റെ പ്രഖ്യാപനം. പളനിസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാന്‍ സാധിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും മക്കള്‍ നീതി മയ്യത്തിന് രാഷ്ട്രീയ ലോകത്ത് നിര്‍ണായക ശക്തിയാക്കുന്നതിന് സാധിക്കുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. മക്കള്‍ നീതി മയ്യം പിടിക്കുന്ന വോട്ടുകള്‍ തമിഴ്‌നാടിന്റെ ഗതി നിര്‍ണയിച്ചാല്‍ പോലും കമല്‍ഹാസന് അത് രാഷ്ട്രീയ വിജയമായിരിക്കും.

Other News in this category4malayalees Recommends