എംഎല്‍എ പി.കെ.ശശിക്കെതിരെ വനിതാ നേതാവ്, ശബ്ദസന്ദേശങ്ങള്‍ കേന്ദ്രത്തിന് നല്‍കി, തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പരാതിക്കാരി

എംഎല്‍എ പി.കെ.ശശിക്കെതിരെ വനിതാ നേതാവ്, ശബ്ദസന്ദേശങ്ങള്‍ കേന്ദ്രത്തിന് നല്‍കി, തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പരാതിക്കാരി
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ വീണ്ടും ആരോപണം. ഡിവൈഎഫ്ഐ വനിതാ നേതാവാണ് ആരോപണവുമായി രംഗത്തെത്തിയത്. വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി പറയുന്നു. ശബ്ദസന്ദേശങ്ങള്‍ അടക്കം തെളിവായി നല്‍കി.

തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് വനിതാ നേതാവിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്. ശശി കേന്ദ്ര കമ്മിറ്റിയംഗവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ പറയുന്നു.

തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ശശിയുടെ ഫോണ്‍സംഭാഷണം അടക്കമാണ് പുതിയ പരാതിയായി നല്‍കിയിരിക്കുന്നത്. പരാതിയില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പാര്‍ട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നില്‍. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകള്‍ പോസ്റ്ററുകളായി ജില്ലയില്‍ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ സംശയാസ്പദമാണെന്ന് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.

നേരത്തേ, ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവര്‍ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.

Other News in this category4malayalees Recommends