സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം,വാരിയെല്ലും കൈയ്യും ഒടിഞ്ഞു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം,വാരിയെല്ലും കൈയ്യും ഒടിഞ്ഞു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സനല്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടായി. ശരീരമാസകലം ക്ഷതമേറ്റിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന. സനല്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹരികുമാര്‍ കാറിനുമുന്നിലേക്ക് തള്ളിയതായ ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി ഡിവൈഎസ്പിക്കെതിരെ കേസെടുത്തിരിക്കെയാണ് കേസില്‍ നിര്‍ണായകമായ പോസ്റ്റുമോര്‍ട്ടം വിവരം പുറത്തായത്. സംഭവ ദിവസം തന്നെ ഡിവൈഎസ്പി ഒളിവില്‍ പോയിരുന്നു.

മധുരയിലേക്കാണ് കടന്നതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.സര്‍വ്വീസ് റിവോള്‍വറുമായാണ് ഡിവൈഎസ്പി ഒളിവില്‍ പോയത്. അതേസമയം ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്.

അതിനിടെ സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends