പനിമരണം കൂടുന്നു, പനി ബാധിച്ച് പതിനേഴു കാരി മരിച്ചു, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണം, ദുബായില്‍ ജാഗ്രതാ നിര്‍ദേശം

പനിമരണം കൂടുന്നു, പനി ബാധിച്ച് പതിനേഴു കാരി മരിച്ചു, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണം, ദുബായില്‍ ജാഗ്രതാ നിര്‍ദേശം
ദുബായ്: പനി മരണം കൂടുന്നതായി റിപ്പോര്‍ട്ട്. പനി ബാധിച്ച് പതിനേഴു കാരി ദുബായില്‍ മരിച്ചു. കണ്ണൂര്‍ താണ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ആലിയ നിയാസ് അലി (17) ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് ആലിയയ്ക്ക് പനി ബാധിച്ചത്.

പനി മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടി.ചൊവ്വാഴ്ച രാത്രിയോടെ മരണമടഞ്ഞു. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് അല്‍ ഖൂസില്‍ നടന്നു.കൃത്യമായ മരണകാരണം വ്യക്തമല്ല. പനികാരണമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.

പിതാവ് നിയാസ് അലി ജബല്‍ അലിയില്‍ ദുബായ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മാതാവ്: ഫരീദ നിയാസ്. സഹോദരങ്ങള്‍: അമന്‍ അലി, അസാം അലി, അയാന്‍ അലി.

നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി അമീന ഷറഫ് രണ്ടാഴ്ച മുന്‍പ് പനിയും വൈറല്‍ ബാധയും മൂലം മരിച്ചിരുന്നു. ദുബായിലെ മിക്ക സ്‌കൂള്‍ അധികൃതരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഫ്‌ലൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

Other News in this category4malayalees Recommends