ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 2019ലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.


അശോക് അദിക്കൊപ്പുള (പ്രസിഡന്റ്), സ്മിത ജെയിന്‍ (വൈസ് പ്രസിഡന്റ്), ഇളങ്കോവന്‍ രാമന്‍ (സെക്രട്ടറി), സുധ ഡട്‌ല (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്‍പേഷ് കതിരിയ, വേണു മോറിഷെട്ടി, പുര്‍ത്തി പട്ടേല്‍, മൊയ്തീന്‍ പുത്തന്‍ചിറ, വേദ് ശ്രാവ, രവീന്ദ്ര വുപ്പള എന്നിവരെയും തിരഞ്ഞെടുത്തു. ബാസവ്‌രാജ് ബെങ്കി എക്‌സ് ഒഫീഷ്യോ ആയി തുടരും.


1960ല്‍ രൂപീകൃതമായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി നിരവധി പരിപാടികള്‍ നടത്തി വരുന്നു. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'സ്പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'യാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കലാകാരന്മാരെയും കലാകാരികളും അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ ഇന്ത്യന്‍ വിഭവങ്ങളുടെ ഭക്ഷണശാലകള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും.


ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്‌നിക്, ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നിവയും അസ്സോസിയേഷന്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ് എന്നിവ അസ്സോസിയേഷന്റെ ഭാഗമാണ്. കൂടാതെ സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.


2019ലെ ആദ്യത്തെ പരിപാടിയായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ജനുവരി 27ന് ആഘോഷിക്കും.


Other News in this category4malayalees Recommends