നടിയെ ആക്രമിച്ച കേസ്, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല, രണ്ടുവിമുക്തരാക്കി

നടിയെ ആക്രമിച്ച കേസ്, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല, രണ്ടുവിമുക്തരാക്കി

നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയുമാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.


കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേര്‍ത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവില്‍ പോയി. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായപ്പോള്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. നിര്‍ണായക തെളിവുകളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനല്‍ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

തുടര്‍ന്ന് ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനില്‍ക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നോ, തെളിവുകള്‍ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടായിരുന്നു സുപ്രീകോടതിയെ സമീപിച്ചത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങള്‍ കാണണമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഹര്‍ജി ക്രിസ്മസ് അവധിക്ക് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തകിയാണ് ഹാജരാവുക. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.

കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു.Other News in this category4malayalees Recommends