അലന്‍സിയര്‍ എന്ന നടനില്‍ നിന്നും മറ്റൊരു തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെങ്കില്‍ അയ്യോ വേണ്ടായിരുന്നു എന്ന് തോന്നിയേക്കാം, എന്നാല്‍ ഇത് ആവശ്യമായിരുന്നു, തെറ്റായി തോന്നിയില്ലെന്ന് നടി

അലന്‍സിയര്‍ എന്ന നടനില്‍ നിന്നും മറ്റൊരു തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെങ്കില്‍ അയ്യോ വേണ്ടായിരുന്നു എന്ന് തോന്നിയേക്കാം, എന്നാല്‍ ഇത് ആവശ്യമായിരുന്നു, തെറ്റായി തോന്നിയില്ലെന്ന് നടി

നടന്‍ അലന്‍സിയറിനെതിരെ മീടു വെളിപ്പെടുത്തല്‍ നടത്തിയ നടി ദിവ്യ ഗോപിനാഥ് കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. അലന്‍സിയറിനെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ലെന്ന് നടി പറയുന്നുൂ. മീടു ക്യാമ്പയിന്‍ വന്നതു കൊണ്ട് പറഞ്ഞതല്ല, മുന്നേ തന്നെ തനിക്ക് അറിയാവുന്നവരോട് കാര്യം പറഞ്ഞിരുന്നു.അത് തുറന്ന് സംസാരിക്കാന്‍ നമ്മള്‍ ധൈര്യം കാണിച്ചാലേ ചില ആവര്‍ത്തനങ്ങള്‍ ഇവിടെ സ്ത്രീകള്‍ക്ക് നേരെ സംഭവിക്കാതിരിക്കുകയുള്ളൂ എന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് ഞാന്‍ ആ വിഷയം വെളിപ്പെടുത്തിയതെന്നും ദിവ്യ പറയുന്നു.


സര്‍വ്വംസഹയായ സ്ത്രീകളുടെ കാലമൊക്കെ മാറി. എല്ലാ അവകാശങ്ങളോടെയും ജീവിക്കാന്‍ ഉള്ള സാഹചര്യവും അതിനുള്ള മനക്കരുത്തുമാണ് ഇവിടെ ഇനി സ്ത്രീകള്‍ക്കാവശ്യം. ആ തീരുമാനത്തില്‍ ഞാന്‍ ചെയ്തത് ശരികേടായി എന്ന തോന്നല്‍ ഒന്നും എനിക്കില്ല. ചിലപ്പോള്‍ അലന്‍സിയര്‍ എന്ന നടനില്‍ നിന്നും മറ്റൊരു തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത് എങ്കില്‍ എനിക്ക് തോന്നിയേക്കാമായിരുന്നു, അയ്യോ വേണ്ടായിരുന്നു എന്ന്. അല്ലാതെ തെറ്റായി പോയി എന്ന തോന്നല്‍ ഒന്നും ഇല്ല.

അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഈ പ്രശ്നത്തിന്റെ ഗൗരവം മുന്നില്‍ക്കണ്ട് മറ്റെന്ത് പ്രതിസന്ധികള്‍ വന്നാലും ഇത്തരം തുറന്ന് പറച്ചിലുകള്‍ നടത്തുകയും, ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യണം എന്നുള്ളത് നമ്മുടെ കൂടി കടമയാണ്. തെറ്റുകള്‍ തിരുത്തുക എന്നത് അവര്‍ ചിന്തിക്കേണ്ട അടുത്ത കാര്യമാണ്. അത് തന്നെയാണ് എന്റെ ആവശ്യവും. പിന്നെ സോഷ്യല്‍ മീഡിയ ആക്രമണമോ നെഗറ്റീവ് ശക്തികളോ ഒന്നും ഇതിന്റെ പേരില്‍ എന്നെ ബാധിച്ചിട്ടില്ല. വളരെ പോസിറ്റീവ് ആയ രീതിയില്‍ തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആളുകളും എന്നെ സമീപിച്ചതെന്നും ദിവ്യ പറയുന്നു.

ഞാന്‍ ആദ്യം എന്റെ പേര് വെളിപ്പെടുത്താതെ മീടൂ പറയുമ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു, അദ്ദേഹത്തെ പോലെ പൊതുസമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടലുകള്‍ നടത്തുന്ന, നാടക പ്രവര്‍ത്തകന്റെ രീതിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളെ മോശം രീതിയില്‍ ചിത്രീകരിക്കാന്‍ വേണ്ടി മന:പൂര്‍വം കെട്ടിച്ചമച്ച ഒരു കഥ മാത്രമാണ് എന്നുള്ള രീതിയില്‍... അതുകൊണ്ടാണ് എന്റെ ഐഡന്‍ന്റിറ്റി വെളിപ്പെടുത്തി ഞാന്‍ മുന്‍പോട്ട് വരാന്‍ കാരണം. മുന്‍പോട്ട് വന്നതിന് ശേഷം ഒരു 10 ശതമാനം പേര്‍ എപ്പോഴും ചോദ്യം ചെയ്യാന്‍ എന്ന നിലയില്‍ തന്നെ നിലനിന്നിരുന്നു. പക്ഷേ ഞാന്‍ ആ ഒരു 10 ശതമാനം ആളുകളിലേക്ക് പോകാതെ പോസിറ്റീവായ 90 ശതമാനം ആളുകളില്‍ തന്നെ നിന്നു.

അലന്‍സിയറിനെക്കുറിച്ച് ഒരറിവും ഇല്ല. അദ്ദേഹം പകുതി സമ്മതിക്കുന്നു, പകുതി നിഷേധിക്കുന്നു എന്ന രീതിയിലാണ്. അതിലപ്പുറം ഞാന്‍ ആ വ്യക്തിയെ വിളിച്ചിട്ടില്ല. തന്റെ കുറച്ച് സുഹൃത്തുക്കളെ വിളിച്ച് ഈ കാര്യം സംസാരിച്ചത് അറിഞ്ഞിരുന്നുവെന്നും ദിവ്യ പറയുന്നു.
Other News in this category4malayalees Recommends