ഞാന്‍ ഇവനോട് പറഞ്ഞിരുന്നു ഇത് ശരിയായ പേരല്ലെന്ന്, അവനെ ഞാന്‍ ലോകകപ്പ് ടീമില്‍നിന്ന് പുറത്താക്കി, തുറന്ന് പറഞ്ഞ് ഗാംഗുലി

ഞാന്‍ ഇവനോട് പറഞ്ഞിരുന്നു ഇത് ശരിയായ പേരല്ലെന്ന്, അവനെ ഞാന്‍ ലോകകപ്പ് ടീമില്‍നിന്ന് പുറത്താക്കി, തുറന്ന് പറഞ്ഞ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു സൗരവ്വ് ഗാംഗുലി. അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ചരിത്രപ്രധാനമായ പല മത്സരങ്ങളും ഇന്ത്യ ജയിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു 2001 ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ഓസ്ട്രേലിയ്ക്കെതിരെ നേടിയ വിജയം.


ഇന്ത്യ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന മത്സരത്തില്‍ വിവിഎസ് ലക്ഷ്മണിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും അസാമാന്യ ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. പുറത്താകാതെ 281 റണ്‍സ് നേടിയ ലക്ഷ്മണായിരുന്നു മത്സരത്തിലെ ഹീറോ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ജീവിത കഥയായ '281 ആന്റ് ബിയോണ്ടി'ല്‍ ലക്ഷ്മണ്‍ ആ കളിയെ കുറിച്ച് പറയുന്നുണ്ട്. പുസ്തകത്തിന്റെ ലോഞ്ചിങിനിടെ തന്റെ ക്യാപ്റ്റന്‍സിയെ രക്ഷിച്ചത് ലക്ഷ്മണും ആ 281 റണ്‍സുമാണെന്ന് ഗാംഗുലി പറഞ്ഞു.

'ഞാന്‍ ഇവനോട് പറഞ്ഞിരുന്നു ഇത് ശരിയായ പേരല്ലെന്ന്. ഞാന്‍ മെസേജും അയച്ചിരുന്നു. മറുപടി കിട്ടിയില്ല. ഈ പുസ്തകത്തിന്റെ പേര് '281 ഉം അതിനപ്പുറവും പിന്നെ സൗരവ്വ് ഗാംഗുലിയുടെ ക്യാപ്റ്റസിയെ രക്ഷപ്പെടുത്തലും' എന്നാകണമെന്നായിരുന്നു' ഗാംഗുലി പറഞ്ഞു. തന്റെ ക്യാപ്റ്റന്‍സിയെ രക്ഷിച്ചത് ആ 281 റണ്‍സാണെന്നാണ് ഗാംഗുലി പറയുന്നത്.

അന്ന് ലക്ഷ്മണ്‍ 281 റണ്‍സ് നേടിയില്ലായിരുന്നുവെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയും അത് ദാദയ്ക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തെ രക്ഷപ്പെടുത്തിയത് വിവിഎസ് ആണെന്ന് ഗാംഗുലി പറയുന്നു.

അതേസമയം, 2003 ലെ ലോകകപ്പ് ടീമില്‍ ലക്ഷ്മണിനെ ഉള്‍പ്പെടുത്താതിരുന്നത് താന്‍ ചെയ്ത തെറ്റാണെന്നും ഗാംഗുലി പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും നന്നായി കളിച്ചിട്ടുള്ള ലക്ഷ്മണിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നില്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങള്‍ ശരിയും ചിലത് തെറ്റുമാകുമെന്നും അത്തരത്തിലൊരു തെറ്റായ തീരുമാനമായിരുന്നു അതെന്നും ഗാംഗുലി മനസ് തുറന്നു.

താന്‍ ടീമിലിടം നേടാനാവാതെ വന്നതോടെ ഒരുപാട് വിഷമിച്ചെന്നും എന്നാല്‍ ലോകകപ്പിനേക്കാള്‍ ക്രിക്കറ്റ് കളിക്കുന്നതാണ് തനിക്ക് വലുതെന്ന് സ്വയം തിരിച്ചറിയുകയായിരുന്നുവെന്നും വിവിഎസ് പറഞ്ഞു.

Other News in this category4malayalees Recommends