ദനഹാ തിരുനാള്‍ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തില്‍

ദനഹാ തിരുനാള്‍ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തില്‍
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌ന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. 'അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങിവരുന്നത് കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. ഇവന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.' (മത്തായി 3:1617).


ഈശോയില്‍ ദൈവാത്മാവ് വന്നു നിറയുകയും താന്‍ ദൈവപുത്രനാണെന്ന ആത്മാവബോധത്തിലേക്ക് അവന്‍ ഉണരുകയും ചെയ്തപ്പോള്‍ അത് മാനവകുലത്തിനു മുഴുവന്‍ ജീവന്‍ നല്‍കുന്ന ആത്മബലിക്ക് തുടക്കമായി. അതുപോലെ തന്നിലെ അരൂപിയാല്‍ നയിക്കപ്പെടാനും ജീവന്റെ നിറവിലേക്ക്, ക്രൈസ്തവ ബോധത്തിലേക്ക് ഉള്ളിലെ ക്രിസ്തുവിനെ അനാവരണം ചെയ്യാനും ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്ന എന്ന ഓര്‍മ്മപുതുക്കലാണ് ദനഹാ തിരുനാള്‍ ആചരണത്തിലൂടെ സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.


സൂര്യോദയം, പ്രഭാതം, പ്രകാശം എന്നിങ്ങനെ നാനാര്‍ത്ഥങ്ങളുള്ള 'ദനഹാ' എന്ന വാക്കുതന്നെ, ലോകത്തിനു പ്രകാശമായി ഭൂമിയിലേക്ക് അവതരിച്ച ദൈവപുത്രന്റെ ദിവ്യതേജസ്സിനെ പ്രതിനിധാനം ചെയ്യുന്നു. ദീപാലംകൃതമായ ദേവാലയവും ദേവാലയാങ്കണവും പോലെ, ഓരോ വ്യക്തിയും തന്നിലെ തിന്മയുടെ അന്ധകാരം അകറ്റി, നന്മയുടെ നറുദീപം തെളിയിച്ച്, തന്നില്‍ തന്നെയും മറ്റുള്ളവരിലേക്കും പ്രകാശം പരത്തുവാന്‍ പരിശ്രമിക്കണമെന്നു ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ തന്റെ വചനപ്രഘോഷണത്തില്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. കുട്ടികളും മുതിര്‍ന്നവരും ദീപങ്ങള്‍ തെളിയിച്ച്, പ്രാര്‍ത്ഥനാനിര്‍ഭരതയോടെ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു.


ഇടവകാംഗങ്ങളായ ഷാജു ജോസഫും, ജോ ജിമ്മിയും, ട്രസ്റ്റിമാരായ ജെയിസണ്‍ വര്‍ഗീസ്, ചിക്കു ബൈജു, അഭിലാഷ് സാം എന്നിവരാണ് തിരുനാളിനു നേതൃത്വം നല്കിയത്.

സുഷാ സെബി അറിയിച്ചതാണിത്. ഫോട്ടോ: ജോര്‍ജ് തെക്കേക്കര.


Other News in this category



4malayalees Recommends