അലോക് വര്‍മ്മയെ മാറ്റാനുള്ള കാരണം റഫാല്‍ ; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

അലോക് വര്‍മ്മയെ മാറ്റാനുള്ള കാരണം റഫാല്‍ ; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഏറെ തിടുക്കപ്പെട്ട് അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിയതിന് പിന്നില്‍ ഒരു കാരണം മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അലോക് വര്‍മയെ മാറ്റിയതിന് പിന്നിലെ കാരണം റഫാല്‍ കരാര്‍ മാത്രമാണ്. മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അലോക് വര്‍മയുടെ വിധി തീരുമാനിക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

എന്തിന് വേണ്ടിയായിരുന്നു മോദി ഇത്ര തിടുക്കപ്പെട്ട് അലോക് വര്‍മയെ സി.ബി.ഐ തലപ്പത്ത് നിന്ന് മാറ്റിയത്? സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പില്‍ കേസ് സമര്‍പ്പിക്കാന്‍ അലോക് വര്‍മയെ മോദി അനുവദിക്കാതിരുന്നത് എന്ത് കാരണം കൊണ്ടാണ്? ഉത്തരം ഒന്നേയുള്ളൂ. റഫാല്‍. അത് മാത്രമാണ് കാരണം. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. അതേസമയം നയപരമായ കാര്യങ്ങളില്‍ അലോക് വര്‍മ്മ തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.

Other News in this category4malayalees Recommends