മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും ; ആവേശം വിതറി രാഹുല്‍ഗാന്ധി യുഎഇയില്‍

മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും ; ആവേശം വിതറി രാഹുല്‍ഗാന്ധി യുഎഇയില്‍
മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യയെന്നും രാഹുല്‍ യുഎഇയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇരച്ചെത്തിയത്. യുഎഇയിലെ 7 എമിറേറ്റുകള്‍ക്കു പുറമെ സൗദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേര്‍ ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്.

'അവരുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബൈയിലേക്ക് വരുമ്പോള്‍ ഇന്ത്യയും കൊണ്ടാണു നിങ്ങള്‍ വരുന്നത്', നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ രാഹുല്‍ പറഞ്ഞു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ 'രാഹുല്‍ ഗാന്ധി കീ ജയ്' മുദാവാക്യങ്ങള്‍ മുഴങ്ങി.

വൈകീട്ട് നാലിന് തുടങ്ങിയ പരിപാടിയിലേക്ക് ഉച്ചയ്ക്ക് തന്നെ ജനപ്രവാഹമായിരുന്നു. ത്രിവര്‍ണ നിറത്തില്‍ തിളങ്ങിയ സ്റ്റേഡിയത്തില്‍ ഒരുക്കിയ 25 മീറ്റര്‍ റാംപില്‍ നടന്നു കൊണ്ടായിരുന്നു പ്രസംഗം. 2015 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വേദിയിലാണ് സംസാരിച്ചത്. റാംപില്‍ നടന്നുള്ള പ്രസംഗം മൂലം, അന്നത്തേതില്‍ നിന്നു വ്യത്യസ്തമായി ജനക്കൂട്ടത്തിനിടയില്‍നിന്നു സംസാരിക്കുന്നതു പോലെയുള്ള ആവേശവും സൃഷ്ടിക്കാനായി.

ഇന്ത്യയെ സ്പര്‍ശിക്കുന്ന വിഷയങ്ങളെല്ലാം അക്കമിട്ടു പറഞ്ഞാണു രാഹുല്‍ പ്രവാസി ജനതയെ കയ്യിലെടുത്തത്. 'വിനയവും മറ്റുള്ളവരെ പ്രശംസിക്കാനുള്ള മനസ്സുമാണ് യുഎഇ പ്രധാനമന്ത്രിയില്‍ കണ്ടത്; ധാര്‍ഷ്ട്യമല്ല. എന്നാല്‍, നമ്മുടെ നാട്ടില്‍ ധാര്‍ഷ്ട്യവും അസഹിഷ്ണുതയും നിറഞ്ഞ ഭരണമാണിപ്പോള്‍. ഗാന്ധിജി പഠിപ്പിച്ച അഹിംസ മറന്നിരിക്കുന്നു. ഹിംസയുടെ തത്വശാസ്ത്രം ഒരിക്കലും ജയിക്കില്ല. ഇന്ത്യയുടെ ഒന്നാമത്തെ പ്രശ്‌നം തൊഴിലില്ലായ്മയാണ്. രണ്ടാമത്തേതു കര്‍ഷക ദുരിതം. പുതിയ ഹരിതവിപ്ലവത്തിനു സമയമായി. യുഎസിന് എതിരെ നില്‍ക്കാന്‍ ശക്തിയുള്ള രണ്ടേ രണ്ടു രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെന്നാണു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്. എന്നാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും മറ്റു വിചിത്ര നയങ്ങളും നമ്മുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.

തൊഴിലില്ലായ്മയെ തോല്‍പിക്കാനാവുമെന്നു മാത്രമല്ല, ചൈനയെ പിന്തള്ളി മുന്നിലെത്താനും ആകുമെന്നു തെളിയിക്കണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, ഉറപ്പ് എന്നു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ സ്റ്റേഡിയത്തിലെങ്ങും മുദ്രാവാക്യങ്ങളും ദേശഭക്തിഗാനങ്ങളും മുഴങ്ങി. പ്രവാസി കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി ഹിമാംശു വ്യാസ് എന്നിവര്‍ പ്രസംഗിച്ചു.

Other News in this category



4malayalees Recommends