പ്രണയവിവാഹത്തിന് വീട്ടുകാര്‍ തടസമാകുമെന്ന് ധരിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രണയിതാക്കള്‍ക്ക് ആശുപത്രിയില്‍ നാടകീയ വിവാഹം

പ്രണയവിവാഹത്തിന് വീട്ടുകാര്‍ തടസമാകുമെന്ന് ധരിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രണയിതാക്കള്‍ക്ക് ആശുപത്രിയില്‍ നാടകീയ വിവാഹം
മരിക്കാനായി വിഷം കഴിച്ചു, എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ദൈവം അവരെ വീണ്ടും ഒന്നിച്ചുചേര്‍ത്തു. പ്രണയിതാക്കള്‍ക്ക് ആശുപത്രി കതിര്‍മണ്ഡപമായി. പ്രണയം നഷ്ടപ്പെടുമെന്നുറപ്പായപ്പോള്‍ രേഷ്മ വിഷം കഴിക്കുകയായിരുന്നു. അതറിഞ്ഞ് കാമുകന്‍ നവാസും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാര്‍ ഇതറിഞ്ഞാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്ന് രേഷ്മ വിശ്വസിച്ചു. ഇതിനിടെ തനിക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിക്കാനൊരുങ്ങുന്നതായി രേഷ്മ മനസിലാക്കുകയും ചെയ്തു.

അങ്ങനെ പ്രണയം സഫലമാവില്ലെന്നുറപ്പായ സാഹചര്യത്തില്‍ രേഷ്മയ്ക്ക് ജീവനൊടുക്കുക മാത്രമായി വഴി. നവാസിനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് വന്നപ്പോള്‍ മരിക്കാനുറപ്പിച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറപ്പിച്ച് അവള്‍ ചെയ്ത മാര്‍ഗം തന്നെ സ്വീകരിച്ചു.

രേഷ്മയുടേയും നവാസിന്റേയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവര്‍ ആശുപത്രിയില്‍ തന്നെ രണ്ടുപേരുടേയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ ചെയറില്‍ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്.

എന്നാല്‍ ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധു പറഞ്ഞു.

Other News in this category4malayalees Recommends