പണിമുടക്ക് ദിവസം ബാങ്ക് ആക്രമിച്ച എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

പണിമുടക്ക് ദിവസം ബാങ്ക് ആക്രമിച്ച എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
അഖിലേന്ത്യാ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി മെയിന്‍ ബ്രാഞ്ചില്‍ മാനേജരുടെ കാബിന്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകനേയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഹരിലാലിനേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരുടെ ജാമ്യപേക്ഷ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തള്ളിയതിനെ തുടര്‍ന്ന് ഇരുവരും റിമാന്‍ഡിലായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഒന്‍പതുപേരുടെ ദൃശ്യങ്ങള്‍ മാത്രമാണ് ബാങ്കിലെ സുരക്ഷാ ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചത്.

അതേസമയയം എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ഇതുവരെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രകളെ തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Other News in this category4malayalees Recommends