കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണ തട്ടിയ കേസ് ; എട്ട് അംഗ സംഘത്തെ കുറിച്ച് സൂചന

കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണ തട്ടിയ കേസ് ; എട്ട് അംഗ സംഘത്തെ കുറിച്ച് സൂചന
കല്യാണ്‍ ജ്വല്ലറിയുടെ ആഭരണങ്ങള്‍ കവര്‍ന്നത് തൃശ്ശൂരില്‍ നിന്നുളള കവര്‍ച്ച സംഘമെന്ന് സൂചന. എട്ടുപേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ ഉടന്‍ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി പോയ വാഹനമാണ് പട്ടാപ്പകല്‍ ദേശീയ പാതയില്‍ വച്ച് തട്ടിക്കൊണ്ടുപോയത്.

രണ്ടു കാറുകളിലെത്തിയ സംഘം ജ്വല്ലറി വാഹനത്തെ ഇടിച്ചുനിര്‍ത്തി ജീവനക്കാരെ പുറത്തിറക്കിയായിരുന്നു കവര്‍ച്ച നടത്തിയത്. ഇതിലൊരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇടിക്കാനുപയോഗിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള ആള്‍ട്ടോ കാര്‍ വെല്ലൂരില്‍ വച്ചാണ് കണ്ടെത്തിയത്.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശുര്‍ സ്വദേശി വാങ്ങിയ കാറാണിതെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു. ജ്വല്ലറിയിലേക്കുളള സ്വര്‍ണാഭരണങ്ങള്‍ സ്ഥിരമായി കവര്‍ച്ച ചെയ്യുന്ന കോടാലി ശ്രീധരന്റെ സംഘമാണ് ഇതിന് പുറകിലെന്നാണ് തമിഴ്‌നാട് പൊലീസ് നല്‍കുന്ന സൂചന.

കവര്‍ച്ച സംഘത്തില്‍പ്പെട്ട അഞ്ചുപേരെ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ തൃശ്ശൂര്‍ സ്വദേശികളാണെന്നാണ് സൂചന. പ്രതികള്‍ക്കായി കര്‍ണാടകയിലും ഗോവയിലുമടക്കം അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെല്ലാം പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Other News in this category4malayalees Recommends