10 വര്‍ഷങ്ങള്‍ക്കുശേഷം മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക് !

simon george
മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 2019 21' കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ആവേശഭരിതമായ തലത്തിലേക്ക് നീങ്ങുന്നു . ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകള്‍ രംഗത്തിറങ്ങിയതോടെയാണ് മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് അതിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വാശിയേറിയ മത്സരത്തിന് വേദിയാകുന്നത് . ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രവാസജീവിതത്തില്‍ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വര്‍ഷത്തെ പാരമ്പര്യത്തിന്റെ പകിട്ടില്‍ ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മെല്‍ബണ്‍ സമൂഹത്തില്‍ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് . ഒട്ടേറെ കയറ്റിറക്കങ്ങള്‍ താണ്ടിയ ഈ സംഘടന അരപ്പതിറ്റാണ്ട് കാലത്തിനുള്ളില്‍ നഷ്ട്ടപെട്ട പ്രതിച്ഛായ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ അധികാരം പിടിക്കുവാന്‍ അരയും തലയും മുറുക്കി നിരവധി പാനലുകളാണ് മത്സരത്തിന് തയ്യാറാകുന്നത് . ഒരു പാനലില്‍ 11 പേരാണ് മത്സരിക്കേണ്ടത് . എല്ലാവരുടെയും ഫോട്ടോ മുദ്രണം ചെയ്ത പേരും അഡ്രസ്സും അടങ്ങിയ പാനലുകള്‍ ജനുവരി 31 )0 തീയ്യതിക്ക് വൈകുന്നേരം 05 മണിക്ക് മുന്നായി teammav2019@gmail.com എന്ന ഈമെയിലില്‍ അയക്കേണ്ടതാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 02 നാണ് . അയച്ച പാനലുകളുടെയും, മത്സരാര്‍തഥികളുടെയും വിശദവിവരങ്ങള്‍ ഫോട്ടോ അടക്കം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ MAV യുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പ്രദശിപ്പിക്കും.


ഇടതുപക്ഷ ചിന്താഗതിക്കാരായ സെലിബ്രിറ്റികള്‍ പങ്കെടുത്ത ഓണാഘോഷങ്ങളാണ് കഴിഞ്ഞ മൂന്നുവര്ഷങ്ങളായി നടക്കുന്നതെന്നും , അതിനു ഒരു മാറ്റം അനിവാര്യമായതിനാലും വലതുപക്ഷ രാഷ്ട്രീയ നേതാക്കളെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പങ്കെടുപ്പിക്കാന്‍ ഉള്ള അവസരമാക്കാന്‍ അധികാരം ആവശ്യമായതിനാലും അരയും തലയും മുറുക്കി മെല്‍ബണിലെ വലതുപക്ഷ സംഘടനകള്‍ ഒന്നിലധികം പാനലുകള്‍ക്ക് ആണ് അണിയറയില്‍ കോപ്പ് കൂട്ടുന്നത് . എന്നാല്‍ സമര്‍ഥമായ ചാണക്യതന്ത്രങ്ങളിലൂടെ അവയെ മറികടക്കുമെന്നും, ആത്യന്തിക വിജയം കാലത്തെയും, ചരിത്രത്തേയും സാക്ഷിയാക്കി കൈപ്പിടിയിലൊതുക്കാന്‍ കഠിനമായി പ്രയത്‌നിക്കുമെന്നും മറുപക്ഷം അഭിപ്രായപ്പെട്ടു . കക്ഷി രാഷ്ട്രീയ മുക്തമായ ഒരു നേതൃനിര മലയാളികളുടെ സാമൂഹ്യ ക്ഷേമത്തിനുതകുന്ന രീതിയില്‍ ഈ അസോസിയേഷനെ നയിക്കണമെന്നും, അതിനാല്‍ സമയോചിതമായ രീതിയില്‍ സംയോജിതമായ ഐക്യത്തോടെ തിരഞ്ഞെടുപ്പ് ഒഴിവാക്കി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന അസോസിയേഷന്‍ മെമ്പര്‍മാര്‍ ഇരുകൂട്ടരെയും ഉപദേശിക്കുന്നുണ്ട് .


എന്തായാലും ഫെബ്രുവരി 10 )0 തീയ്യതി ഞായറാഴ്ച വൈകുന്നേരം 04 : 00 മണിക്ക് , ഡാണ്ടിനോങ്ങിലുള്ള യൂണിറ്റിങ് ചര്‍ച് ഹാളില്‍ നടക്കുന്ന പൊതുയോഗം ആകാംഷ നിറഞ്ഞതുമാക്കി മാറ്റി പുതിയ ഭാരവാഹികള്‍ ആരെന്നറിയുവാന്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്നു

Other News in this category



4malayalees Recommends