വെടക്കാക്കി തനിയ്ക്കാക്കാന്‍ ശബരിമല

വെടക്കാക്കി തനിയ്ക്കാക്കാന്‍ ശബരിമല
കേരളം 1956 നു ശേഷം കണ്ട ഏറ്റവും വലിയ രണ്ടു ദുരന്തങ്ങള്‍ ആണ് മഹാ പ്രളയവും,ശബരിമല വനിതാ പ്രവേശനത്തിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളും. പ്രളയകാലത്തു അഞ്ഞൂറോളം ആളുകള്‍ മരണപ്പെടുകയും ആയിരങ്ങള്‍ ഭാവന രഹിതര്‍ ആവുകയും ചെയ്തു.പാര്‍പ്പിടം,കൃഷി,കച്ചവട സ്ഥാനങ്ങള്‍.കന്നു കാലികള്‍,സ്ഥാവര ജംഗമ വസ്തുവകകള്‍ എല്ലാം നഷ്ട്ടപ്പെട്ട മലയാളി സഹോദരങ്ങള്‍.ജാതി,മത,രാഷ്ട്രീയ വ്യത്യാസ്സം ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ കൈകോര്‍ത്തു ഒന്നായ ദിനങ്ങള്‍.ലോകത്തിലെ ജനങ്ങളെ മുഴുവന്‍ അമ്പരിപ്പിച്ചു മലയാളിയുടെ സാഹോദര്യം,കാരുണ,സഹായ മനസ്‌കത എന്നിവ.

ഇന്നും പ്രളയബാധിതര്‍ കൃത്യമായ സംരക്ഷണം ലഭിയ്ക്കാതെ ദിനങ്ങള്‍ തള്ളി നീക്കുന്നു.റോഡുകളും,തോടുകളും,കൃഷിസ്ഥലങ്ങളും ഇല്ലാതെ ആയിരിയ്ക്കുന്നു. എല്ലാ ജന വിഭാഗവും ഒന്നായ നിമിഷങ്ങള്‍.ഡോക്ടര്‍മാര്‍,നേഴ്‌സുമാര്‍,വിദേശികള്‍,കളക്ടര്‍മാര്‍,സര്‍ക്കാര്‍,സ്വകാര്യ ജീവനക്കാര്‍,ചെറുപ്പക്കാര്‍,മുക്കുവര്‍,..അങ്ങിനെ കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം രക്ഷാ പ്രവര്‍ത്തനങ്ങള്‍,പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി ഒന്നായപ്പോള്‍ വിദേശ മലയാളികള്‍ വരെ ആ സുവര്‍ണ്ണ നിമിഷത്തില്‍ സന്തോഷിച്ചു.

പ്രളയം നടന്നു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ കണ്ടു ലോകം മൂക്കത്തു വിരല്‍ വച്ചു. ഇത് പെരുമഴക്കാലത്തു ലോകം കണ്ട കേരള ജനത തന്നെയോ? ജാതിയുടെയും,മതത്തിന്റെയും പേരില്‍ തെരുവില്‍ മതില്‍ തീര്‍ക്കുന്ന,പരസ്പരം പോരാടുന്ന,കട കമ്പോളങ്ങള്‍ തകര്‍ക്കുന്ന,ബോംബുകള്‍ വര്‍ഷിക്കുന്ന പ്രളയാനന്തര മലയാളി സമൂഹം.ആരാണ് ഇതിനു ഉത്തരവാദി? ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ ആണോ? അതോ മറ്റു മത വിഭാഗങ്ങള്‍ ആണോ?

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വര്‍ഗ്ഗീയ വളര്‍ച്ചയ്ക്ക് പൂര്‍ണ്ണ ഉത്തരവാദി കേരളം ഭരിക്കുന്ന കൂര്‍മ്മ ബുദ്ധി രാക്ഷസന്‍ തന്നെ ആണ്.കേരളം ഇന്ന് പയറ്റിത്തെളിയുവാന്‍ നോക്കുന്നത് ത്രിപുര മോഡല്‍ രാഷ്ട്രീയം മാത്രമാണ്.

വിവേകം ഇല്ലാത്ത ഭരണാധികാരി,മനുഷ്യന്റെ ജീവന്‍ എടുത്തു രാഷ്ട്രീയം വളര്‍ത്തി അധികാരം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമം.കേരളത്തിലെ കോണ്‍ഗ്രസ്സിനെ തകര്‍ക്കുവാന്‍,ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുവാന്‍ നടത്തുന്ന കുതന്ത്രങ്ങള്‍. ഇതാണ് ശബരിമല സ്ത്രീ പ്രവേശനവും,വനിതാ മതിലും,ആര്‍ത്തവ വിളികളും ,പിന്നെ ഇന്നലെ നാം കണ്ട 51 കടുംവെട്ടും.

വനിതാ പ്രവേശനത്തിന്റെ പേരില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന്റെ വോട്ടു ഭിന്നിപ്പിക്കുകയും,അത് ബിജെപി പാളയത്തില്‍ എത്തിക്കുകയും ചെയ്യുക . വനിതാ മതിലിന്റെ പേരില്‍ എസ് എന്‍ ഡി പി,കെ പി എം എസ് ,മറ്റു ന്യൂനപക്ഷങ്ങളെ ഹിന്ദു സമൂഹത്തിലെ അവര്‍ണ്ണ പക്ഷം ആക്കി തീര്‍ക്കുന്നതിന് വേണ്ടി എന്‍ എസ്സ് എസ്സ് ,യോഗ ക്ഷേമം എന്നിവരെ പിണക്കുക .ഇതിലൂടെ ബഹുഭൂരിപക്ഷം വരുന്ന ഹുന്ദു ന്യൂനപക്ഷ സമുദായത്തെ ബിജെപി യുടെ ശതൃക്കള്‍ ആക്കി നിങ്ങള്‍ ഹിന്ദുക്കളിലെ അവര്‍ണ്ണര്‍ ആണ് എന്ന് പറഞ്ഞു പഠിപ്പിച്ചു .വെള്ളാപ്പള്ളിയെ പോലുള്ളവര്‍ അതിന്നായി നിലാവത്തു ഉറങ്ങാതെ ദിവസങ്ങള്‍ തള്ളി നീക്കി. ബിജെപി യിലേക്ക് പോകുന്ന ഓരോ വോട്ടും,കോണ്‍ഗ്രസിന്റെ മാത്രമാണെന്നുള്ള വസ്തുത ഉറപ്പാക്കാന്‍ സ്വന്തം നേതാക്കളുടെ വീടുകളില്‍ ആക്രമിയ്ക്ക പ്പെട്ടു.

കേരളത്തില്‍ ബിജെപി യെ വളര്‍ത്തി ഒരു പക്ഷെ ഒരു ലോകസഭയോ,വരുന്ന നിയമ സഭയോ ഒന്ന് കൂടി ഇടതു മുന്നണിയ്ക്കു ഭരിയ്ക്കാന്‍ കഴിഞ്ഞേക്കാം.എന്നാല്‍ അതി വിദൂരമല്ലാത്ത കേരളത്തിലെ എല്ലാ ഇടതു പാര്‍ട്ടി ആഫീസുകള്‍ വരെ താമരകോടികള്‍ കെട്ടി അലങ്കരിയ്ക്കുന്ന മുഹൂര്‍ത്തത്തിന് മഞ്ഞള്‍ കുറി വരയ്ക്കുക ആണ് പിണറായി വിജയന്‍ ചെയ്തത്.

നൂലില്‍ കെട്ടിയ നവോഥാനം

....................

ഒരു ശബരിമല വിധിവരെ കേരളത്തിലെ ലിംഗ സമത്വവാദികള്‍ എവിടെ ആയിരുന്നു? എത്രയോ സ്ത്രീകള്‍ രാഷ്ട്രീയ നേതാക്കളാലും,മന്ത്രിമാരാലും പീഡിപ്പിയ്ക്കപ്പെട്ടു? എത്രയോ പേര്‍ക്ക് തൊഴില്‍ നിയമനത്തില്‍ വേര്‍തിരിവ് നേരിടുന്നു? ഇതുവരെയും ഇവര്‍ക്ക് ഒരു ചെറുവിരല്‍ ആനക്കുവാന്‍ തോന്നിയോ? അതോ തുരങ്കത്തിലൂടെ ശത്രു പാളയത്തില്‍ ചാരപ്പണിയ്ക്കു പോകുന്നത് പോലെ ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ലിംഗ സമത്വവും,നവോഥാനവും നടപ്പില്‍ വരുമോ?ജനങ്ങളെ തമ്മില്‍ അകറ്റി കോടികള്‍ ചെലവിട്ടു മതില്‍ തീര്‍ത്താല്‍ നവോഥാനം പുലരുമോ? ആര്‍ത്തവ കാഹളം മുഴക്കിയാല്‍ പെണ്‍കുട്ടികള്‍ സംരക്ഷിയ്ക്ക പ്പെടുമോ ?

ആര്‍ത്തവ ആര്‍പ്പോക്കാരുടെ അജണ്ടയില്‍ സങ്കികള്‍ക്കെതിരെ എന്ന മുദ്രാവാക്യം വായിക്കുമ്പോള്‍ ഒരു ചോദ്യം നിലനില്‍ക്കുന്നു. 'മുസ്‌ലിം സമുദായത്തില്‍ ആര്‍ത്തവസമയത്തു സ്ത്രീകള്‍ക്ക് നിസ്‌കരിയ്ക്കാന്‍ അനുവാദം ഉണ്ടോ? പള്ളിയിലോ,ഇനി ആണും പെണ്ണും ഒന്നിച്ചു സന്ദര്‍ശിക്കുന്ന മക്കയിലോ,മദീനയിലോ പ്രവേശനം ഉണ്ടോ? അവര്‍ കൃത്യമായി എഴുതി വച്ചിരിയ്ക്കുന്നു ആര്‍ത്തവ ദിനങ്ങളില്‍ പള്ളി മുറ്റം,കവാടങ്ങള്‍ വരെ എങ്ങിനെ മറികടക്കണം എന്ന് വരെ.ഇതിനെ ചോദ്യം ചെയ്യാന്‍ എത്ര ലിംഗ സമത്വവാദികളായ സ്ത്രീകളും,പുരുഷന്മാര്,ഇടതു മുന്നണിക്കാരും ഇന്ന് കേരളത്തില്‍ ഉണ്ട്? ആരും തന്നെ ഇല്ല.

അപ്പോള്‍ കേരളത്തിലെ ഹിന്ദു വോട്ടു ബാങ്കുകള്‍ വിള്ളലുണ്ടാക്കി അധികാര കസേര നക്കുന്ന കമ്യൂണിസ്റ്റിന്റെ സ്ഥിരം പല്ലവി ആണ് കേരളം കണ്ട സംഘപരിവാര്‍ കലാപം.

ഇതൊന്നും മതിയാകാതെ 51 പേരുടെ കോടതി ആവശ്യപ്പെടാത്ത കണക്കു കാട്ടി സംഘപരിവാറിനെ വീണ്ടും ചൊടിപ്പിയ്ക്കാന്‍ നോക്കിയ പിണറായി തന്ത്രം അംമ്പേ പോലീസ് സേന പൊളിച്ചടുക്കി.


കേരളത്തിലെ മതില്‍ പണിയ്ക്കായി മുടക്കിയ കോടികള്‍ ഉണ്ടായിരുന്നു എങ്കില്‍ എത്രയോ ഭാവന രഹിതര്‍ക്കു വീടുകള്‍ വച്ച് നല്‍കാമായിരുന്നു.അത് ചെയ്തില്ല എന്ന് മാത്രമല്ല പ്രളയത്തിന്റെ പേരില്‍ വിദേശത്തുനിന്നു വരെ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ അംശം സംഭരിച്ചതു കൃത്യ സമയത്തു പാവങ്ങള്‍ക്ക് നല്‍കാതെ കലാപം ഉണ്ടാക്കി ജനശ്രദ്ധ മാറ്റിയ ജനദ്രോഹ സര്‍ക്കാര്‍ ആണ് ഇന്ന് കേരളത്തില്‍ ഉള്ളത്.

ഒരു ശബരിമല വനിതാ പ്രവേശനത്തിലൂടെ കേരളത്തില്‍ വനിതാ സമൂഹം എന്ത് നേടി? ജനങ്ങള്‍ എന്ത് നേടി? സര്‍ക്കാര്‍ എന്ത് പുരോഗമനം,നവോഥാനം ,വനിതാ സംരക്ഷണം നടപ്പിലാക്കി? ഏതെങ്കിലും ഭരണാധികാരിയ്ക്കു ഉത്തരം ഉണ്ടോ? ലിംഗ സമത്വവും എന്ന് പറഞ്ഞു ചില പോഷക സംഘടനയിലെ സ്ത്രീകളെ ഇളക്കി വിട്ടു നടത്തിയ രാഷ്ട്രീയ നാടകത്തില്‍ വ്രണപ്പെട്ടതു കേരളത്തിന്റെ സഹോദദര്യം ആണ്,മത മൈത്രി ആണ്.ഇത് വല്ലതും ഈ അധികാര കൊതിയന്മാര്‍ക്കു അറിയണമോ? സംഘപരിവാര്‍ വര്‍ഗ്ഗീയ വാദികള്‍ എന്ന് പറയുന്ന കമ്യൂണിസ്റ്റുകാരന്മാര്‍ ഒന്ന് ഓര്‍ക്കുക .കേരളത്തില്‍ ആദ്യം കണ്ണൂരില്‍,പിന്നീട് ആലുവ ദേശം,ചെങ്ങമനാട്,നെയ്യാറ്റിന്കര,ഇങ്ങനെ എവിടെ എല്ലാം സംഘപരിവാര്‍,ആര്‍ എസ് എസ് സംഘട്ടങ്ങള്‍ ആദ്യകാലം മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരും ആയിട്ട് മാത്രമാണ് ഉണ്ടായിട്ടുള്ളത് .ഒരു മതപരമായ സംഘട്ടങ്ങളും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ,ഏതു രാഷ്ട്രീയയ പാര്‍ട്ടികളുടെ സംഘട്ടങ്ങളിലും ഒരു പക്ഷത്തു കമ്യൂണിസ്റ്റുകാര്‍ മാത്രമാണ് എന്നും നിലകൊണ്ടിട്ടുള്ളത്. അക്രമ രാഷ്ട്രീയം എന്ന് വാക്കുപോലും ഉച്ചരിയ്ക്കുവാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്ക്ക് ഉള്ളത്.


കേരളത്തിലെ ജനങ്ങളെ ചേര്‍ത്ത് നിറുത്തി സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്‌ക്കേണ്ട ഭരണകൂടം രാഷ്ട്രീയക്കാര്‍ മാത്രമായി അധഃപതിച്ചിരിയ്ക്കുന്നു. വടക്കേ ഇന്ത്യയിലെ അരാജകത്വങ്ങളെ കുറിച്ച് മുഖപത്രങ്ങളില്‍ അടിച്ചു തള്ളുമ്പോള്‍ സ്വന്തം മുഖം ഇടയ്ക്കു കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്, കാരണം മൂന്നാമത് ഒരു മുന്നണി വളര്‍ത്തി താത്കാലിക ഭരണം ഉറപ്പിയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ഇത് കേരളം ആണ് വടക്കേ ഇന്ത്യയല്ല എന്നാണ്.അനുഭവം ഗുരുവാണ്,എന്നുവച്ചാല്‍ കേരളം ത്രിപുരയായി മാറുവാന്‍ ഇനി അധികകാലം ബാക്കിയില്ല എന്ന് സ്വയം വിലയിരുത്തുക.

വനിതാ പ്രവേശനം,മതില്‍,ആര്‍ത്തവ ആര്‍പ്പോ എന്നൊക്കെ പറഞ്ഞു പോഷക സഘടനകളെ തെരുവില്‍ അണിനിരത്തുമ്പോള്‍ ഒരു സ്ത്രീയും സമത്വത്തില്‍ എത്തിച്ചേരുന്നില്ല. എന്നാല്‍ ത്രിതല പഞ്ചായത്തീരാജിലൂടെ വനിതകള്‍ ഇന്ന് ജനാധിപത്യ രീതിയില്‍ അടിത്തട്ടുമുതല്‍ അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. ആദ്യം പഞ്ചായത്തീ രാജിനെ എതിര്‍ത്ത നിങ്ങള്‍ വനിതകളുടെ ഉന്നമനത്തെ പരോക്ഷമായി എതിര്‍ത്തവര്‍ കൂടി ആണ് തൊഴിലിടങ്ങളില്‍ വനിതകള്‍ അവരുടെ വ്യക്തി മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്.


ഇത്രയേറെ വനിതാ സ്‌നേഹം ഉള്ളവര്‍ നേഴ്‌സുമാരുടെ സമരം ഇത്രയേറെ വലിച്ചു നീട്ടു മായിരുന്നോ?? സരിതയ്ക്ക് വേണ്ടി വാദിച്ചു അധികാരത്തില്‍ വന്ന നിങ്ങള്‍ സരിതയ്ക്ക് ലോകസഭാ സീറ്റു നല്‍കി കോണ്‍ഗ്രസ്സിന് എതിരെ പോരാടുമോ? ഇതൊന്നും ഇല്ല .ചിലര്‍ അയ്യപ്പന്റെ പേരില്‍ തേങ്ങാ അടിയ്ക്കുന്നു,ചിലര്‍ തേങ്ങ ഇടുന്നു.നിങ്ങളോ ഇരിയ്ക്കുന്ന തെങ്ങു മുറിയ്ക്കുന്നു.

വെടക്കാക്കി തനിയ്ക്കാക്കുന്ന രാഷ്ട്രീയ കളി ജനങളുടെ ഇടയില്‍ സ്പര്‍ദ്ധവളര്‍ത്തി ആകരുത് എന്ന് മാത്രം അടിവരയിടുന്നു.


Other News in this category



4malayalees Recommends