യുകെയിലാകമാനം ഹോംലെസ് ഷെല്‍ട്ടറുകള്‍ക്കുള്ള ആവശ്യക്കാര്‍ പെരുകുന്നു; തെരുവുകളിലുറങ്ങുന്നവര്‍ കുറയുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ യാഥാര്‍ത്ഥ്യ വിരുദ്ധം; റഫ് സ്ലീപേര്‍സുകാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയായി

യുകെയിലാകമാനം ഹോംലെസ് ഷെല്‍ട്ടറുകള്‍ക്കുള്ള ആവശ്യക്കാര്‍ പെരുകുന്നു; തെരുവുകളിലുറങ്ങുന്നവര്‍ കുറയുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ യാഥാര്‍ത്ഥ്യ വിരുദ്ധം; റഫ് സ്ലീപേര്‍സുകാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയായി
യുകെയിലാകമാനം ഹോംലെസ് ഷെല്‍ട്ടറുകള്‍ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തെരുവുകളിലുറങ്ങുന്നവര്‍ അല്ലെങ്കില്‍ റഫ് സ്ലീപ്പര്‍മാരുടെ എണ്ണം നാള്‍ക്ക് നാള്‍ കുറഞ്ഞ് വരുന്നുവെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുമ്പോഴാണ് അതിന് വിരുദ്ധമായ പ്രവണത ദൃശ്യമാകുന്നതെന്ന് ഹൗസിംഗ് ചാരിറ്റികള്‍ എടുത്ത് കാട്ടുന്നുമുണ്ട്. ബ്രിട്ടനിലുടനീളമുള്ള ഹോംലെസ് ഷെല്‍ട്ടറുകളില്‍ ഇതിന് മുമ്പില്ലാത്ത വിധത്തിലാണ് ആവശ്യക്കാര്‍ പെരുകിക്കൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിരിക്കുന്ന നയം വളരെ ഫലപ്രദമാണെന്നാണ് കമ്മ്യൂണിറ്റീസ് സെക്രട്ടറി ജെയിസ് ബ്രോക്കന്‍ഷയെര്‍ പറയുന്നത്.ഒരു വര്‍ഷം മുമ്പ് തെരുവുകളിലുറങ്ങുന്നവരുടെ എണ്ണം 4751 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 4677 ആയി ചുരുങ്ങിയിരിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ വിശ്വസനീയമല്ലെന്നാണ് ചാരിറ്റി ക്രൈസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജോണ്‍ സ്പാര്‍ക്‌സ് പറയുന്നത്.

തെരുവുകളിലുറങ്ങുന്നവരുടെ യഥാര്‍ത്ഥ എണ്ണത്തെ ചുരുക്കിക്കൊണ്ടുള്ള കണക്കുകളാണിതെന്നും സ്പാര്‍ക്‌സ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച കണക്കുകള്‍ക്ക് വേണ്ടി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ഷെല്‍ട്ടറുകളുമായി ദി ഇന്റിപെന്റന്റ് പത്രം ബന്ധപ്പെട്ടിരുന്നു. രാജ്യത്തെ താപനില മൈനസ് 14 ഡിഗ്രിക്ക് താഴോട്ട് പോയതിനെ തുടര്‍ന്ന് ഷെല്‍ട്ടറുകളില്‍ അഭയം തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായിരിക്കുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ചില പ്രത്യേക ഇടങ്ങളില്‍ ചില രാത്രികളില്‍ മാത്രം ഉറങ്ങുന്നവരെ പോലുള്ളവരെ കണക്കാക്കാതെയുള്ള ഔദ്യോഗിക കണക്കുകളാണിതെന്നാണ് സ്പാര്‍ക്‌സ് ആരോപിക്കുന്നത്. നിരവധി പേര്‍ കണക്കെടുപ്പ് നടത്തുന്നവരെ ദൃഷ്ടിയില്‍ പെടാതിരിക്കുന്നതിനാല്‍ ഇവര്‍ കണക്കുകളില്‍ പെടാതെ പോയിട്ടുണ്ടെന്നും ഇതിനാല്‍ കണക്ക് കൃത്യമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചാരിറ്റി ക്രൈസിസ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരുന്നത് ഡിസംബറിലായിരുന്നു. യുകെയിലെ റഫ് സ്ലീപിംഗിന്റെ നില അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയായിരിക്കുന്നുവെന്നാണീ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പൊതുഗതാഗത സംവിധാനങ്ങളിലും ടെന്റുകളിലും ഉറങ്ങുന്നവര്‍ ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. ഇക്കൂട്ടരുടെ എണ്ണം വെറും 12 മാസങ്ങള്‍ക്കുള്ളില്‍ മാത്രം 20 ശതമാനം വര്‍ധിച്ച് 24,000ത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Other News in this category4malayalees Recommends