തനിക്ക് അഭിനയിക്കാനേ അറിയൂ ; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ നിലപാടറിയിച്ച് മോഹന്‍ലാല്‍

തനിക്ക് അഭിനയിക്കാനേ അറിയൂ ; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ നിലപാടറിയിച്ച് മോഹന്‍ലാല്‍
തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂവെന്ന് നടന്‍ മോഹന്‍ലാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പരാമര്‍ശം. ഇതിനിടെ ആദ്യമായാണ് മോഹന്‍ലാല്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഒരു പൊതുവേദി പങ്കിടവേയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. സിപിഎം മുഖപത്രമായ ദേശാഭിമാനി കോട്ടയത്ത് സംഘടിപ്പിച്ച അക്ഷരമുറ്റം പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. മുഖ്യമന്ത്രിക്കൊപ്പം ഒന്നര മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് താരം മടങ്ങിയത്.

ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസിനെയും ബിജെപിയും ശക്തമായി വിമര്‍ശിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ പ്രസംഗിച്ചത്. തുടര്‍ന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. പ്രസംഗത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ മാത്രമാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശമായി വായിക്കാനാകുന്നത്. കഴിഞ്ഞ 40 വര്‍ഷമായി അഭിനയ രംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends