നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ്

നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ്
മഹാത്മജിയുടെ രക്ത സാക്ഷി ദിനം അദ്ദേഹത്തിന്റെ തന്നെ കൊലപാതകത്തിന് വീണ്ടും സാക്ഷ്യം വഹിച്ചു.ഗാന്ധിജിയെ നാടുകടത്തുന്നു നവ രാഷ്ട്രീയം ഇന്ത്യയില്‍ നിരന്തരം അരങ്ങേറുന്നു .ഒരോ ഇന്ത്യന്‍ പൗരനും ചരിത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇന്ത്യയെ മനസ്സിലാക്കേണ്ട ദിനം ആണ് അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനം . മത വല്‍ക്കരിക്കപ്പെടുന്ന ദൈനദിന രാഷ്ട്രീയത്തില്‍,ജീവിതത്തില്‍ ,ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ടമെന്നു സ്വയം ഉദ്‌ഘോഷിക്കുന്ന ഇന്ത്യയുടെ ഭാവി എന്താവും? ഇവിട മത നിരപേക്ഷതക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇന്ത്യന്‍ ഭരണ ഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യം ആണ് ഇന്ന് നാം കാണുന്ന വിവിധ മത വിഭാഗ അജണ്ടകള്‍. മഹാത്മാ ഗാന്ധിയുടെ വരെ മൂല്യം ഇടിച്ചു കാണിക്കുന്ന ഭാരതതീയര്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കി ചിഹ്നഭിന്നം ആക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിയ്ക്കുന്നു.

രാജ്യം മത സൗഹാര്‍ദത്തിലേയ്ക്കു തിരിച്ചു കൊണ്ടുപോകുവാനും ലോകത്തിന്റെ മുമ്പില്‍ മാതൃക ആയി ഉയര്‍ന്നു നില്‍ക്കുവാനും , ഇന്ത്യയുടെ മത നിരപേക്ഷതെ ലോകത്തിനു മാതൃക ആക്കി വളര്‍ത്തുവാനും ഓരോ ഇന്ത്യക്കാരനു കഴിയണം. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍,മത മൈത്രിയില്‍,രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക വളര്‍ച്ചയില്‍ ഓരോ പൗരനും പങ്കാളിത്തം വഹിക്കാന്‍ പാകത്തിനു പുതു തലമുറയെ വാര്‍ത്തു എടുക്കാന്‍ നമുക്ക് സാധിക്കണം. ഇതര മത വിധ്വെഷവും, സംശയവും, അക്രമവും,കൊള്ളിവയ്പ്പും വളര്‍ത്താന്‍ ആരു ശ്രമിച്ചാലും അതിനെ മറികടക്കാനും വ്യവസ്ഥാപിത വഴികളിലൂടെ പ്രതീക്ഷാപൂര്‍വം മുന്നേറാന്‍ പുതിയ തലമുറയ്ക്ക് പ്രചോദനം നല്കുന്നതായിരിക്കണം ഓരോ പൗരന്റെ പ്രവര്‍ത്തിയും വീക്ഷണവും. വര്‍ണ്ണവല്‍ക്കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.

എന്നാല്‍ ഒരു പുണ്യാത്മാവിനെ അനുസ്മരിയ്‌ക്കേണ്ട ദിനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തില്‍ നിറ ഒഴിക്കുകയും ,ഇന്ത്യയ്ക്ക് മാതരം പാടിയും,ആള്‍ക്കൂട്ട ആക്രമണം പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്.സാങ്കേതികതയിലും,സാമ്പത്തീക രംഗത്തും ഒന്നാം സ്ഥാനത്തേയ്ക്ക് എന്ന് രാവും പകലും ജനങ്ങളെയും,ലോകത്തെയും അറിയിക്കുന്ന ഇന്ത്യയുടെ മൂല്യ ശോഷണം ആണിത് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മഹാത്മാവിനെ ആദരിയ്ക്കാതെ ഭാരതാംബയ്ക്ക് വേണ്ടി കാഹളം ഊതിയിട്ടെന്തു വിശേഷം.ഒരു മഹത് വ്യക്തിയെ ആദരിയ്ക്കാനും ബഹുമാനിയ്ക്കാനും കഴിയാത്ത രാഷ്ട്രീയത്തിന് എങ്ങിനെ ഒരു രാഷ്ട്രത്തെ ബഹുമാനിയ്ക്കുകയും,പുനഃ നിര്‍മ്മാണത്തില്‍ പങ്കാളികളും ആകുവാനും കഴിയും ?!


മഹാത്മാ ഗാന്ധി യുടെ അഹിംസാ സിദ്ധാന്തത്തിലൂടെ ജനാധിപത്യം കൈയാളുമ്പോള്‍ ഉണ്ടായിരുന്ന മൂല്യങ്ങള്‍ ഇന്ന് ഇന്ത്യക്കു നഷ്ടപ്പെട്ടിരിക്കുന്നു.ഓരോ തിരഞ്ഞെടുപ്പുകളിലും മത വര്‍ഗ്ഗീയ കൂട്ട് കെട്ടുകളില്‍ ഭരണം മാറി മറിയുന്നു.മതത്തിന്റെ കൂട്ട് പിടിച്ചു അധികാരം ഉറപ്പിക്കുന്നവരെ ജനാധിപത്യ രീതികളില്‍ നിന്നും എന്ന് മാറ്റി നിര്ത്തുന്നുവോ അന്ന് മാത്രമേ മഹാത്മജി കണ്ട സ്വതന്ത്ര സമത്വ സുന്ദരമായ ഇന്ത്യ സ്വായത്തം ആകുകയുള്ളൂ.

മഹാത്മജിയുടെ സ്വപ്നങ്ങളില്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്കുള്ള ഭരണമാറ്റം മാത്രമായിരുന്നില്ല ഉദ്ദേശ്യം.ഗാന്ധിജിക്കു ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതു അധികാരം എന്ന സ്വാര്‍ത്ഥത ആയിരുന്നില്ല. അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍ വേണ്ടി സമരം ചെയ്ത നേതാവുമായിരുന്നില്ല ഗാന്ധിജി. നെഹ്രുവും,ജിന്നയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നമുക്ക് ഗാന്ധിജിയെ കാണുവാന്‍ കഴിയുമോ? ഗ്രാമീണജനതയ്ക്ക് നിര്‍ണായകാവകാശമുള്ള, മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ, സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സഹനത്തിന്റെയും പാവനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഭരണക്രമത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു ഗാന്ധിജിയുടെ കണ്ണില്‍ സ്വാതന്ത്ര്യം.ഒരു തീരുമാനം എടുക്കുമ്പോള്‍ അത് രാജ്യത്തെ ഏറ്റവും,പാവപ്പെട്ടവനെയു0 ദരിദ്രനെയും മനസ്സില്‍ കണ്ടുകൊണ്ടാവണം എന്ന് അദ്ദേഹം ഭരണാധിപന്‍മാരെയും, ജനങ്ങളെയും പലപ്പോഴും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.ദേശഭേദവും ഭാഷാഭേദവും.വര്‍ഗ്ഗ ഭേദവും,നിറ ഭേദവും, ജാതിഭേദവും മതഭേദവുമൊന്നും പരിഗണിക്കപ്പെടാതെ, എല്ലാവര്‍ക്കും ഒരേ അവകാശത്തോടെ, ഒരേ പങ്കാളിത്തത്തോടെ, വിവേചനവും,ഉച്ചനീചത്വവും ഇല്ലാതെ ഒരുമിച്ചു ജീവിക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയുണ്ടാകാനാണ് ഗാന്ധിജി പരിശ്രെമിച്ചതു.

മഹാത്മാവിനെ തമസ്‌കരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിനു എന്ത് സമത്വ ചിന്ത,സോഷ്യലിസം,സംസ്‌കാരം ആണ് ജനതയ്ക്ക് പകര്‍ന്നു നല്‍കുവാനും,വളര്‍ത്തി എടുക്കുവാനും ഉള്ളത്? ഇന്ത്യന്‍ ജനതയുടെ അന്തസത്ത,സ്വാതന്ദ്ര്യം എന്ന വാക്കിന്റെ മൂല്യം രാഷ്ട്രീയ അജണ്ടകള്‍ക്കു മുന്‍പില്‍ അടിയറവു വെക്കാതെ നട്ടെല്ലുയര്‍ത്തി മതേതരത്വ ഇന്ത്യ നാം ഒറ്റ ജനത എന്ന പേരില്‍ ഒരു രാഷ്ട്രീയം അല്ലെങ്കില്‍ ജന സമൂഹത്തെ ഇനി എന്ന് നമുക്ക് കാണുവാന്‍ കഴിയും.?

ഇന്ന് നാം കാണുന്ന ത്രിതല പഞ്ചായത്തു മുതല്‍,രാജ്യ സഭയും,ലോക സഭയും വരെയുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ ജാതിയ്ക്കും,മതത്തിനും അപ്പുറമായി ഒരു രാഷ്ട്രീയ നിര്‍ണ്ണയം നടന്നിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം.പക്ഷെ ഓരോ തെരഞ്ഞെടുപ്പിലും എല്ലാ ര്രാഷ്ട്രീയ കക്ഷികളും ഗാന്ധിജിയെ വാനോളം പുകഴ്ത്തുന്നു.ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടും വീണ്ടും ഉച്ച ഭാഷിണികളിലൂടെ എഴുതി വായിക്കുന്നു. പാവപ്പെട്ട ജന വിഭാഗത്തിന്റെ പേരില്‍ അവര്‍ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങി വയ്ക്കുന്നു.പക്ഷെ ഈ പ്രഘോഷകന്‍മാര്‍ ആരും ഗാന്ധിജിയുടെ ഒരു മാര്‍ഗ്ഗ രേഖകളിലൂടെയും കടന്നു പോയിട്ടില്ല എന്നതാണ് വസ്തുത.

മഹാത്മാ ഗാന്ധി എന്ത് ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി ചെയ്തില്ല എന്ന് പ്രചരിപ്പിയ്ക്കുവാന്‍,പ്രസംഗിക്കുവാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ട്.അവര്‍ ഇന്‍ഡ്യാ വിഭജനത്തില്‍ വന്ന പാളിച്ചകള്‍ കുറിച്ച് ജനങളുടെ മുന്‍പില്‍ വലിയ ചരിത്രങ്ങള്‍ നിരത്തും.എന്ത് കൊണ്ട് ഇന്ത്യയെ വിഭജിച്ചു എന്നും, വിഭജനം ഇല്ലാതെ ഒരു സിന്ധ് ആയി ഇന്ത്യ ഉണ്ടായിരുന്നേനെ എന്നും ഒക്കെ ഗീര്‍വാണം മുഴക്കും. ഒരു വിഭജനം ഉണ്ടായത് കൊണ്ട് മാത്രം ഇന്ന് സ്വതന്ത്ര ഇന്ത്യയില്‍ കാലമര്‍ത്തി നടക്കുവാന്‍ ജനതയ്ക്കു കഴിയുന്നു.ഇല്ലായിരുന്നു എങ്കില്‍ ഏതു സമയവും പൊട്ടുന്ന മൈനുകള്‍ പാകിയ ഭൂപ്രദേശം ആയിരിയ്ക്കും ഇന്ത്യയുടെ സ്വന്തമായി ഉണ്ടായിരുന്നിരിയ്ക്കുക.

ഗുജറാത്തിലെ സബര്‍മതി ആശ്രമം ഒരു ടൂറിസ്റ്റു കേന്ദ്രം എന്ന നിലയില്‍ മാത്രം സംരക്ഷിയ്ക്കപ്പെടുന്ന ഒരു ആര്‍ഷ ഭാരത സംസ്‌കാരം ആണ് നമുക്കുള്ളത്.ഇന്ത്യ മാറി മാറി ഭരിച്ചവര്‍ ഇന്ത്യയുടെ പുണ്യാത്മാവിനു വേണ്ടി ഇത്രയും ഒക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു സമാധാനിയ്ക്കാം.

മഹാത്മജിയുടെ മാറില്‍ വീണ്ടും വീണ്ടും ആധുനിക രാഷ്ട്രീയം നിറ ഒഴിയ്ക്കുമ്പോള്‍,അദ്ദേഹത്തെ വീണ്ടും വീണ്ടും നാടുകടത്തുമ്പോള്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന രാഷ്ട്രീയം എത്രമാത്രം പ്രതിക്ഷേധിച്ചു എന്നതും,എത്ര മാത്രം അദ്ദേഹത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നു എന്നതും എടുത്തു പറയേണ്ടുന്ന ഒന്നാണ്.കഴിഞ്ഞ ദിവസാം നടന്ന നിറ ഒഴിയ്ക്കല്‍ രാഷ്ട്രീയ നാടകത്തില്‍അവര്‍ ഒരു ദുഃഖാചരണമോ,ഒരു മൗന പ്രാര്‍ത്ഥനയോ നടത്തി ആരെങ്കിലും കണ്ടുവോ? സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വീണ്ടും മഹാത്മാവിനെ അവര്‍ നിറ ഒഴിച്ച് ഒഴിച്ച് മുതലെടുപ്പ് നടത്തി .എല്ലാവരും വരുന്ന തീരഞ്ഞെടുപ്പിന്റെ സീറ്റു നിര്‍ണ്ണയ തിരക്കില്‍ ആയിരുന്നു. ഇതര സംസ്ഥാനങ്ങളുടെ മതപെരുമയ്ക്കനുസരിച്ചു കുറിയും,കുരിശും,തൊപ്പിയും മാറ്റി വേദികളില്‍ ആടിത്തിമിര്‍ക്കുക ആയിരുന്നു.

ആധുനിക ഇന്ത്യയുടെ മത നിരപേക്ഷ രാഷ്ട്രീയവും,അഹിംസാവാദവും വളര്‍ത്തുന്നതിന് വേണ്ടി, ഇന്ത്യയുടെ ആത്മാവ് ആയ കര്ഷകന് ഭൂമി പതിച്ചു നല്‍കുന്നതിന് വേണ്ടി ഭൂമി കുംഭകോണത്തിലും, ശതൃക്കളെ സംഹരിയ്ക്കാന്‍ വന്‍ ആയുധ കച്ചവടത്തിലും, ഒക്കെ ആയി വിവിധ രാഷ്ട്രീയക്കാര്‍ പരസ്പരം പോരിനിറങ്ങി.


മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ എങ്കിലും , അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തോടും,മാനുഷിക സ്‌നേഹത്തോടു ഉള്ള ആദരവ് പ്രകടിപ്പിക്കുവാനും,അഹിംസാ സിദ്ധാന്ധം ഉയര്‍ത്തിപ്പിടിക്കുകയും,രാഷ്ട്രീയ സംവാദങ്ങളില്‍ ഉള്‍ പ്പെടാതെ സാധാരണക്കാരന് വേണ്ടി എന്തെങ്കിലും ചെയ്ത എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട് ഇന്ന് ഇന്ത്യയില്‍.

പല സംസ്ഥാങ്ങളിലെയും,പ്രൈമറി തലംതാളം മുതലുള്ള പാഠ്യ പദ്ധതികളിലും,പുസ്തകങ്ങളിലും ഗാന്ധിജി അപ്രത്യക്ഷമായി കഴിഞ്ഞിരിയ്ക്കുന്നു.ഒരു പക്ഷെ ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉള്ള സ്മാരകങ്ങളുടെ എണ്ണത്തിലും മഹാത്മജിയെക്കാള്‍ കൂടുതല്‍ ആയി നെഹ്‌റു കുടുംബാങ്ങങ്ങളുടെ സ്മാരകങ്ങള്‍ രാജ്യത്തെമ്പാടും പെരുകിയിരിക്കുന്നു.തൊട്ടു പിന്നിലായി പട്ടേല്‍ സ്മാരകങ്ങള്‍ ഉയരുന്നു.

ഇന്ത്യയുടെ ആത്മാവില്‍ നിന്നും,ജനതയില്‍ നിന്നും ഘട്ടം ഘട്ടം ആയി മഹാത്മജിയെ നാടുകടത്തികൊണ്ടിരിയ്ക്കുന്നു. ചരിത്ര പാഠ്യ പദ്ധതികളില്‍ പുതിയ ഭാരത ശില്‍പികള്‍ ആയി വിവിധ രാഷ്ട്രീയ സംവരണം നടത്തപ്പെടുമ്പോള്‍ നിരന്തരം വെടിയേറ്റ് ഗാന്ധിജി ഭാരതത്തിലെ പുതു തലമുറകളുടെ മനസ്സില്‍ മാഞ്ഞു കഴിഞ്ഞിരിക്കുന്നു.വിദേശ രാജ്യങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി സ്മാരകങ്ങള്‍ ഉയരുന്നു എന്നതു ഇന്ത്യക്കു അഭിമാനാര്‍ഹം എങ്കിലും എത്ര ഭാരതീയര്‍ അത് മുഖവിലയ്ക്ക് എടുക്കുന്നു.? വിദേശ രാജ്യങ്ങളില്‍ ചരിത്ര പാഠ്യ പദ്ധതിയില്‍ ഇന്നും മഹാത്മജി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് എടുത്തു പറയേണ്ടി ഇരിയ്ക്കുന്നു.

ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ സ്വാതന്ത്രത്തിനും,ഉന്നമനത്തിനു വേണ്ടി വാദിച്ചു രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച മഹാത്മജി ഇനി ഭാരതീയരുടെ മനസ്സില്‍ എത്ര കാലം?

ഇന്ത്യയുടെ പുണ്യാത്മാവിനെ നാട് കടത്തുന്ന പ്രക്രിയ നിരന്തരം വളരെ നിശബ്ദമായി തുടരുന്നു. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പ് രാഷ്ട്രീയവും ഈ നിശബ്ദ പ്രക്രിയയില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ആര്‍ഷ ഭാരതത്തിന്റെ പുണ്യാത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ..ജയ് പിള്ള

Other News in this category



4malayalees Recommends