പരാതികളേറുന്നു ; ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍

പരാതികളേറുന്നു ; ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
ജനപ്രിയ ചൈനീസ് നിര്‍മിത ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മൊബൈല്‍ ആപ്പ് നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് എടുക്കുമെന്ന് സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എം. മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. മണിത്താനീയ ജനനായക കാച്ചി (എം.ജെ.കെ)യുടെ എം.എല്‍.എയായ തമീമുന്‍ അന്‍സാരി സമര്‍പ്പിച്ച നിവേദനം പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. യുവതലമുറ ടിക് ടോകില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, സാംസ്‌കാരിക മൂല്യച്യുതിക്ക് ആപ്പ് കാരണമാകുമെന്നും അന്‍സാരി നിവേദനത്തില്‍ പറയുന്നു. ടിക് ടോക്കിലൂടെ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായും സാധാരണക്കാരുടെ ചിത്രങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടെ മോര്‍ഫ് ചെയ്യപ്പെടുന്നതായും അന്‍സാരി ചൂണ്ടിക്കാട്ടി.

അന്‍സാരിയുടെ നിര്‍ദേശം പരിഗണിക്കുമെന്നും കേന്ദ്ര സര്‍ക്കാറിനോട് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ടിക് ടോകുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രേഖപ്പെടുത്തിയിട്ടുട്ടുള്ളത്. സേലത്ത് കുട്ടികള്‍ ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നത് തടയാന്‍ സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടിക് ടോക്കില്‍ പ്രചരിക്കുന്നതായുള്ള പരാതിയും കൂടിവരികയാണ്.

ടിക് ടോകില്‍ നിന്നും ആളുകളുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ആളുകളെ ബ്ലാക്ക് മെയ്ല്‍ ചെയ്യുന്ന സംഘത്തെ സേലത്തും ചെന്നൈയിലുമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Other News in this category



4malayalees Recommends