ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ പതിനൊന്നാം ഓര്‍മ്മപ്പെരുന്നാളും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംയുക്തമായി ഭക്ത്യാദരവുകളോടെ ഫെബ്രുവരി 22,23,24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.



1963ല്‍ അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ നാളുമുതല്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്‌നിക്കുകയും, 1975 മുതല്‍ ഭദ്രാസനത്തിന്റെ പ്രഥമാധിപനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ഏകദേശം 45 വര്‍ഷത്തിലധികം അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന തിരുമേനി ഇംഗ്ലണ്ടില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ 2005ല്‍ കാലംചെയ്തു.


അഭിവന്ദ്യ തിരുമേനിക്ക് ഈ ദേവാലയത്തോടുള്ള പ്രത്യേകത എടുത്തുപറയേണ്ടതായൊരു സത്യമാണ്. 1998ല്‍ അഭി. തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഈ ഇടവക ആരംഭിച്ച് 2005ല്‍ ഇടവകയെ തന്റെ സ്വന്തം കത്തീഡ്രലായി തിരുമേനി ഉയര്‍ത്തി. പെരുനാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് പറഞ്ഞു.


22നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ നടത്തുന്ന മധ്യസ്ഥ പ്രാര്‍ഥനയോടുകൂടി പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.


23നു ശനിയാഴ്ച വൈകിട്ട് 6.30നു സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് അഭി. മക്കാറിയോസ് തിരുമേനിയെക്കുറിച്ചുള്ള അനുസ്മരണ യോഗവും നടക്കും.


24നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 9.45നു വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും.


നോമ്പാചരണത്തോടും ഭക്തിയോടുംകൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് അഭ്യര്‍ത്ഥിക്കുന്നു. ആഘോഷങ്ങളുടെ വിജയത്തിനായി പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, സാറ പൂഴിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends