കഴിഞ്ഞ വര്‍ഷം അനധികൃതമായി യുഎസിലേക്ക് മെക്സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്നെത്തുകയും യുഎസ് അധികൃതര്‍ അവരുടെ കുട്ടികളെ വേര്‍തിരിക്കുകയും ചെയ്ത നിരവധി സെന്‍ട്രര്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇപ്പോള്‍ യുഎസിലേക്ക് വന്‍ തോതില്‍ തിരിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് അഭയവും തങ്ങളില്‍ നിന്നും വേര്‍തിരിച്ച മക്കളുടെ ഒപ്പം ജീവിക്കുന്നതിനും ആവശ്യപ്പെട്ടാണ് ഇവര്‍ തിരിച്ച് വരുന്നത്. ഇത് പ്രകാരം ഏതാണ്ട് 50 പേര് മെക്സിക്കോയിലെ മെക്സിക്കാലിയില്‍ നിന്നും കാലിഫോര്‍ണിയയിലെ കാലെക്സിയോവിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് എത്തിയെന്നാണ് റോയിട്ടേര്‍സ് സാക്ഷി വെളിപ്പെടുത്തുന്നത്.
ഇവിടെ വച്ച് അവരെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ (സിബിപി) ഏജന്റുമാര്‍ കണ്ടുമുട്ടിയെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ ദീര്‍ഘകാലമായി കാണാത്തതില്‍ വിഷമിക്കുകയും ആശങ്കപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന നിരവധി കുടിയേറ്റക്കാരായ രക്ഷിതാക്കളാണ് രണ്ടും കല്പിച്ച് ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ വന്‍ ലഗേജുകളും കുട്ടികളെ വഹിച്ചുമാണ് എത്തിയിരിക്കുന്നതെന്നും സാക്ഷികള്‍ വെളിപ്പെടുത്തുന്നു.
ഇമിഗ്രേഷന്‍ അഡ്വക്കസി ഗ്രൂപ്പായ അല്‍ ഓട്രോ ലാഡോയില് നിന്നുള്ള ലോയര്‍മാരും ഇവരെ അനുഗമിക്കുന്നുണ്ട്.29 മാതാപിതാക്കള്‍ ഇത്തരത്തില്‍ സമീപകാലത്ത് അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്ന് ഈ ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഇത്തരം കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വന്‍ വിജയമാണ് അവര്‍ നേടിയിരിക്കുന്നതെന്നും എന്നാല്‍ ഇവര്‍ തങ്ങളുടെ കുട്ടികളുമായി വീണ്ടും കൂടിച്ചേരുന്നത് വരെ ഇവരുടെ പ്രയത്നം അവസാനിക്കുകയില്ലെന്നുമാണ് അല്‍ ഓട്രോ ലാഡോയിലെ ലിറ്റിഗേഷന്‍ പോളിസി ഡയറക്ടറായ എറിക പിന്‍ഹെയ്റോ വെളിപ്പെടുത്തുന്നത്.
ലാഡോ ഗ്രൂപ്പാണ് മെക്സിക്കോയിലേക്ക് തിരിച്ചയക്കപ്പെട്ട ഇവര്‍ക്ക് എല്ലാ വിധ നിയമസഹായങ്ങളും നല്കി തിരികെയെത്തിച്ചിരിക്കുന്നത്. ഇതിലൂടെ ഇവരുടെ കേസുകള്‍ യുഎസ് അഥോറിറ്റികളുടെ ശ്രദ്ധയില്‍ പെടുമെന്നും ഇതിലൂടെ ഇവര്‍ക്ക് തങ്ങളുടെ കുട്ടികളുടെ അടുത്തെത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.