നാലാമതും ചൈന തനിനിറം കാട്ടി ; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ എതിര്‍ത്തു

നാലാമതും ചൈന തനിനിറം കാട്ടി ; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ എതിര്‍ത്തു
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. പാകിസ്താന്റെ സമ്മര്‍ദ്ദമായിരുന്നു ഇതിന് കാരണം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27ന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാം തവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ 'സാങ്കേതിക' കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടസ്സം നിന്നത്. ഒന്‍പത് മാസം വരെ ഈ പ്രമേയം വീണ്ടും പരിഗണിക്കാതിരിക്കാനുള്ള സാധ്യതയാണ് കൊണ്ടു വന്നത്. അതിന് ശേഷം വീണ്ടും പ്രമേയം പാസാക്കും. തെളിവ് വേണമെന്ന ന്യായമാണ് ചൈന പറയുന്നത്. എല്ലാ തെളിവും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിനൊപ്പം പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ജെയ്‌ഷെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മസൂദിനെതിരെ തെളിവില്ലെന്ന ചൈനയുടെ നിലപാട് പരിഹാസമാണ്. മസൂദിനെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയാണ് ചൈന തുടരുന്നത്. ചൈനയുടെ സൗഹൃദ പട്ടികയിലുള്ള ഭീകര നേതാവാണ് മസൂദ് അസ്ഹര്‍.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്.

Other News in this category4malayalees Recommends