കരമന കൊലപാതകം, മദ്യവും ലഹരിമരുന്നുമായി ഒത്തുചേര്‍ന്ന സംഘത്തിന്റെ ആസൂത്രണം, അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തു

കരമന കൊലപാതകം, മദ്യവും ലഹരിമരുന്നുമായി ഒത്തുചേര്‍ന്ന സംഘത്തിന്റെ ആസൂത്രണം, അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തു

കരമന കൊലപാതകത്തില്‍ കൃത്യമായി ആസൂത്രണം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊഞ്ചിറവിള ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുള്ള പക പോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം.കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തില്‍ മദ്യവും ലഹരിമരുന്നുമായി ഒത്തുചേര്‍ന്ന എട്ടംഗ സംഘമാണു പദ്ധതി തയാറാക്കിയതെന്നു പൊലീസ് അറിയിച്ചു. വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു, റാം കാര്‍ത്തിക്, കിരണ്‍ കൃഷ്ണന്‍ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാള്‍ ഇവിടെ ആഘോഷിച്ച ശേഷമാണു കൊലപാതക പദ്ധതിയിലേക്കു കടന്നത്.


എതിര്‍സംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ വരാറുണ്ടെന്ന് അരുണ്‍ ബാബു നല്‍കിയ വിവരമനുസരിച്ച് ഇവര്‍ ബൈക്കുകളില്‍ അങ്ങോട്ടേക്കു പുറപ്പെട്ടു. തന്റെ ബൈക്ക് റോഡില്‍ വച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോള്‍ വിഷ്ണു ആ ബൈക്കില്‍ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി തങ്ങളുടെ ബൈക്കില്‍ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലര്‍ തടയാന്‍ നോക്കിയപ്പോള്‍ വിരട്ടിയ ശേഷം ഇവര്‍ സ്ഥലംവിട്ടു. നേരെ തങ്ങളുടെ ഒളിസങ്കേതത്തില്‍ എത്തിച്ച് ഇവര്‍ സംഘം ചേര്‍ന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തതു കൊലപാതക സംഘത്തിലെ വിഷ്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തതെന്നു പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കി. അനന്തു രക്തം വാര്‍ന്നു പിടയുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ്ണു ഉള്‍പ്പെടെ എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികള്‍ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന് ഉപയോഗിച്ചതാണിവ. കൊലയാളിസംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. പിറന്നാള്‍ ആഘോഷിക്കുന്ന യുവാവ് ഷര്‍ട്ട് ധരിച്ചിട്ടില്ല. കരിയിലകള്‍ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. ഹാപ്പി ബര്‍ത്ത്ഡേ ഗാനം ആരോ ആലപിക്കുന്നതും കേള്‍ക്കാം.

ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ അനന്തു ജോലി തേടി വിദേശത്തേക്കു പറന്നേനെ. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ സഹായത്താല്‍ അവിടെ ജോലി തരപ്പെടുത്തുന്നതിനുള്ള ചില കാര്യങ്ങള്‍ ശരിയാക്കാന്‍ കരമനയില്‍ പോയി മടങ്ങുംവഴിയാണ് അനന്തുവിനെ അക്രമിസംഘം കടത്തിക്കൊണ്ടു പോയത്. ഓട്ടോ ഡ്രൈവറായ അച്ഛന്‍ ഗിരീഷിന്റെ ഏക വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിഷേക് സഹോദരനാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അനന്തുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ചിട്ടും വിലപ്പെട്ട മണിക്കൂറുകള്‍ പൊലീസ് പാഴാക്കിയെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. പിന്നീട് അസിസ്റ്റന്റ് കമ്മിഷണര്‍ തലത്തില്‍ ഇടപെട്ടപ്പോഴാണു പൊലീസ് ഉണര്‍ന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. പിറ്റേന്ന് അനന്തുവിന്റെ ബൈക്ക് ഇവര്‍ കണ്ടെത്തിയതാണു നിര്‍ണായകമായത്. കരമനയ്ക്കു സമീപം ദേശീയപാതയ്ക്കരികില്‍ ഇങ്ങനെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഉള്ളതായിപ്പോലും പൊലീസിന് അറിയില്ലായിരുന്നെന്നും ആക്ഷേപമുണ്ട്.


Other News in this category4malayalees Recommends