അടുത്ത കളിയില്‍ താന്‍ ഉണ്ടാകും, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല, സന്തോഷമെന്ന് ശ്രീശാന്ത്

അടുത്ത കളിയില്‍ താന്‍ ഉണ്ടാകും, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല, സന്തോഷമെന്ന് ശ്രീശാന്ത്

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ശ്രീശാന്ത്. ഇന്ന് തന്നെ കളിക്കും, ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിട്ടുണ്ട്, സന്തോഷം തന്നെ. ഒന്നോ രണ്ടോ മൂന്നോ വര്‍ഷം ബി.സി.സി.ഐ ശിക്ഷ ഏര്‍പ്പെടുത്താനാണ് സാധ്യത. ഇപ്പോള്‍ തന്നെ ഏകദേശം ആറ് വര്‍ഷത്തോളമായി വിലക്ക്. കളിക്കാനാവുമെന്ന കാര്യത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.


ആറ് വര്‍ഷത്തോളമായി വിലക്ക് അനുഭവിക്കുന്നു. കഴിഞ്ഞ ആറ് മാസമായി പരിശീലനം നടത്തുന്നുണ്ട്. എത്രയും പെട്ടെന്ന് ബി.സി.സി.ഐയുടെ അനുവാദം വാങ്ങി വരാനിരിക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയെ കാര്യങ്ങള്‍ കൃത്യമായി ബോധിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇല്ലെന്നാണ് ശ്രീ ഉത്തരം നല്‍കിയത്. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ സ്പോര്‍ട്‌സിലും ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ശ്രീശാന്ത് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും തനിക്ക് പൂര്‍ണപിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.





Other News in this category



4malayalees Recommends