കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് രൂപംകൊണ്ടു

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് രൂപംകൊണ്ടു
കാലിഫോര്‍ണിയ: സനോസ കേന്ദ്രമാക്കി വളര്‍ന്ന് വരുന്ന വോളിബോള്‍ കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി പുതുമയേറിയ ആശയങ്ങളുമായി ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ആന്റണി ഇല്ലിക്കാട്ടിന്റെ ഭവനത്തില്‍ കൂടിയ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം കായികപ്രേമികള്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ ഐകകണ്‌ഠേന തീരുമാനമെടുത്തു.


പ്രസ്തുത ക്ലബ്ബിന്റെ ഉദ്ഘാടനം ഏപ്രില്‍ 13നു ഫെയര്‍ഫീല്‍ഡിലെ അലന്‍ വിറ്റ് ജിമ്മില്‍ വച്ച് പ്രശസ്ത അമേരിക്കന്‍ ബാഡ്മിന്റന്‍ താരം രാജു റായ് (2003 ബ്രോണ്‍സ് മെഡല്‍ ചാമ്പ്യന്‍, പാന്‍ അമേരിക്കന്‍ ഗെയിംസ് ഡൊമിനിക്കന്‍ റിപ്പബ്ലിക്) നിര്‍വ്വഹിക്കുന്നു. തദവസരത്തില്‍ പ്രസ്തുത വേദിയില്‍ വെസ്റ്റേണ്‍ റിജിയനിലെ കായികതാരങ്ങളെ അണിനിരത്തിക്കൊണ്ട് വാശിയേറിയ ഒരു ടൂര്‍ണമെന്റാണ് സംഘാടകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനം കൈവരിക്കുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും യഥാക്രമം നല്‍കുന്നു.


കഴിഞ്ഞ രണ്ടു വര്‍ഷമായി നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളികളുടെ വോളിബോള്‍ മാമാങ്കമായ ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റിലും, ലൂക്കാച്ചന്‍ വോളിബോള്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും പങ്കുചേര്‍ന്നുകൊണ്ട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മാസ്മരികമായ പ്രകടനം കാഴ്ചവച്ച് എതിരാളികളോട് ഇഞ്ചിഞ്ച് പോരാടിയ ചുറുചുറുക്കുള്ള കൊച്ച് കായികതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് വാര്‍ത്തെടുക്കുന്നത്.


2019 ലെ 14മത് ലൂക്കാച്ചന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസയില്‍ വച്ച് പ്രസ്തുത ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്നു. ഈ ടൂര്‍ണമെന്റിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായിക വോളിബോള്‍ പ്രേമികളെയും ഭാരവാഹികള്‍ വിനീതമായി സ്വാഗതം ചെയ്യുന്നു.


പ്രഥമ ക്ലബ്ബിന്റെ ചെയര്‍പേഴ്‌സണ്‍ ആയി പ്രേമ തെക്കേക്കും പ്രസിഡന്റായി ആന്റണി ഇല്ലിക്കാട്ടിലും സെക്രട്ടറിയായി രാജു വര്‍ഗ്ഗീസും ജോയിന്റ് സെക്രട്ടറിയായി ടോമി പഴയംപള്ളിയും ട്രഷറര്‍ ആയി ജോസുകുട്ടി മഠത്തിലും ജോയിന്റ് ട്രഷറര്‍ ആയി ടോമി വടുതലയും ചുമതല ഏറ്റെടുത്തിരിക്കുന്നു ആന്റണി ഇല്ലിക്കാട്ടില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends