30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചു നല്‍കി ഫേസ്ബുക്ക് ; മാപ്പപേക്ഷയും

30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചു നല്‍കി ഫേസ്ബുക്ക് ; മാപ്പപേക്ഷയും
രാഷ്ട്രീയ നിരീക്ഷകനും സംഘപരിവാര്‍ വിമര്‍ശകനുമായ ധ്രുവ് റാഠിയുടെ പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് പിന്‍വലിച്ചു. 30 ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെയാണ് ധ്രുവ് റാഠി ട്വിറ്ററില്‍ പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന് 30 നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ പേജ് ബാന്‍ ചെയ്യപ്പെട്ടതെന്നും മോദിയുടെ ഔദ്യോഗിക പേജ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എന്‍ഗേജ്‌മെന്റ് റേറ്റുകളേക്കാള്‍ മുന്നില്‍ തന്റെ പേജ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിലക്കെന്നും ഇത് യാദൃശ്ചികമല്ലെന്നും ധ്രുവ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പേജ് ബാന്‍ ചെയ്തതായുള്ള ഫേസ്ബുക്ക് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നല്‍കിയായിരുന്നു ധ്രുവ് റാഠിയുടെ വിമര്‍ശനം.

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 'ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ' എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്. പ്രസ്തുത പോസ്റ്റ് ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരാണ് എന്ന് പറഞ്ഞുകൊണ്ടണ് തന്റെ പേജിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ആക്ഷേപകരമോ അപമാനകരോ ആയ ഒരു വാക്കുപോലും ആ പോസ്റ്റില്‍ ഇല്ലെന്നും ധ്രുവ് വ്യക്തമാക്കിയിരുന്നു.

ബ്രിട്ടാനിക എന്‍സൈക്ലോപീഡിയ നല്‍കിയ വിവരങ്ങള്‍ ആളുകളുമായി പങ്കുവെക്കുന്നത് എങ്ങനെ ഫേസ്ബുക്ക് നയങ്ങള്‍ക്ക് എതിരാകുമെന്നും ധ്രുവ് ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ ധ്രുവ് റാഠിയുടെ ഫേസ്ബുക്ക് പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് പിന്‍വലിച്ചു. ചില തെറ്റിദ്ധാരണകള്‍കൊണ്ട് സംഭവിച്ചതാണെന്നും പരിശോധനകള്‍ക്ക് ശേഷം പേജ് പുനസ്ഥാപിച്ചെന്നും ഒരു തരത്തിലുള്ള ബ്ലോക്കുകളും പേജിനില്ലെന്നും താങ്കള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നെന്നുമായിരുന്നു ഫേസ്ബുക്ക് ധ്രുവ് റാഠിയ്ക്ക് നല്‍കിയ മറുപടി. ഇതിന് പിന്നാലെ പേജ് ആക്ടീവായതായി ധ്രുവ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിന്റെ ക്ഷമാപണം ഉള്‍പ്പെടെയുള്ള സ്‌ക്രീന്‍ ഷോട്ടുകളും ധ്രുവ് ഷെയര്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഒറ്റക്ക് പോരാട്ടം നടത്തുന്ന വ്യക്തിയാണ് ധ്രുവ് റാഠിഎന്ന ചെറുപ്പക്കാരന്‍. യൂട്യൂബിലൂടേയും, ഫേസ്ബുക്കിലൂടേയുമാണ് ധ്രുവ് റാഠിയുടെ പോരാട്ടം.






Other News in this category



4malayalees Recommends