മോദി സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് ; രൂക്ഷ വിമര്‍ശനം നടത്തി വിജയ് മല്യ ; തന്റെ പണം സ്വീകരിച്ച് ജെറ്റ് എയര്‍വേസിന്റെ രക്ഷിക്കണമെന്നും ആവശ്യം

മോദി സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് ; രൂക്ഷ വിമര്‍ശനം നടത്തി വിജയ് മല്യ ; തന്റെ പണം സ്വീകരിച്ച് ജെറ്റ് എയര്‍വേസിന്റെ രക്ഷിക്കണമെന്നും ആവശ്യം
ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കണണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മദ്യവ്യവസായിയും കിങ്ഫിഷര്‍ സ്ഥാപകനുമായ വിജയ് മല്യ. കിങ്ഫിഷര്‍ വലിയ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് വിജയ് മല്യയുടെ വിമര്‍ശനം. കിങ്ഫിഷറിനെ രക്ഷിക്കാനായി തന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും വിജയ് മല്യ പറഞ്ഞു. ഇന്ന് ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും വിജയ് മല്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

'കിങ്ഫിഷര്‍ കമ്പനിയേയും തൊഴിലാളികളേയും രക്ഷിക്കാന്‍ 4000 കോടി രൂപ ഞാന്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല സാധ്യമായ വഴികളിലൂടെയെല്ലാം എന്നെ ആക്രമിച്ചു. ഇതേ പി.എസ്.യു ബാങ്കുകള്‍ തന്നെയാണ് കിങ്ഫിഷര്‍ എന്ന വലിയ കമ്പനിയെ ഇല്ലാതാക്കിയത്. ഇപ്പോള്‍ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ നോക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ കാണുന്നത് ' വിജയ് മല്യ പറഞ്ഞു.

അന്ന് കിങ്ഫിഷറിനെ രക്ഷിക്കാന്‍ നോക്കിയ മന്‍മോഹന്‍ സിങ് ഭരണകൂടത്തെ ബി.ജെ.പി സര്‍ക്കാര്‍ വിമര്‍ശിച്ചു. എന്നാല്‍ ബി.ജ.പിയുടെ നരേഷ് ഗോയല്‍ അതേ സഹായം ജെറ്റ് എയര്‍വേസിന് ചെയ്തുകൊടുക്കുന്നു. ഞാന്‍ ഇപ്പോള്‍ ജെറ്റ് എയര്‍വേസിനായി മുന്നോട്ടുവെക്കുന്ന സഹായം പി.എസ്.യു ബാങ്കുകള്‍ സ്വീകരിക്കണം. ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കണം. അതാണ് എന്റെ ആവശ്യം മല്യ ട്വിറ്ററില്‍ കുറിച്ചു.

കടങ്ങള്‍ കൊടുത്തുതീര്‍ക്കാനായി കര്‍ണാടക കോടതിക്ക് മുന്‍പില്‍ ലിക്വിഡ് അസറ്റ് നല്‍കാന്‍ തയ്യാറാണെന്ന് താന്‍ അറിയിച്ചിരുന്നെങ്കിലും ബാങ്കുകള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മല്യ കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയലും ഭാര്യ അനിത ഗോയലും രാജിവെച്ചിരുന്നു. വിവിധ ബാങ്കുകള്‍ 1500 കോടി രൂപ ജെറ്റ് എയര്‍വേസിന് സഹായമായി നല്‍കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം എസ്.ബി.ഐ അടക്കമുള്ള ദേശസാല്‍കൃതബാങ്കുകള്‍ ജെറ്റ് എയര്‍വേസ് ഏറ്റെടുത്തുനടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category



4malayalees Recommends