അമ്മയുടെയും മകളുടെയും മരണം: കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

അമ്മയുടെയും മകളുടെയും മരണം: കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കോട്ടയത്ത് അമ്മയും മകളും മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇരുവരേയും കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്. സംഭവത്തില്‍ കാമുകനായ പ്രതി പിടിയില്‍. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


പ്ലാപ്പള്ളി ചിലമ്ബിക്കുന്നേല്‍ വീടിന്റെ പരിസരത്തു നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു വ്യാഴാഴ്ച നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തതാണെന്നായിരുന്നു നാട്ടില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍, മൃതദേഹങ്ങളുടെ കിടപ്പും ഇന്‍ക്വസ്റ്റ് നടപടികളുടെ റിപ്പോര്‍ട്ടും കിട്ടിയതോടെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. എന്നാല്‍, നാട്ടില്‍ പരന്ന ആത്മഹത്യയെന്ന കഥ തിരുത്താന്‍ പോലീസ് തയ്യാറായില്ല. യഥാര്‍ത്ഥ പ്രതി രക്ഷപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്. ഇതിനിടെ പോലീസ് തന്നെ സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താന്‍ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടിയില്‍ സിനിയുടെയും തങ്കമ്മയുടെയും തലയില്‍ അടിയേറ്റ തരത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പോലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

ഇതോടെ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണോ എന്നായിരുന്നു ആദ്യം പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ ആറു പവനോളം സ്വര്‍ണം വീടിനുള്ളില്‍ നിന്നു കണ്ടെത്തിയതോടെ പോലീസ് അന്വേഷണം വഴിമാറ്റി. തുടര്‍ന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയില്‍ ഉണ്ടായിരുന്നില്ല.

ഇതിനിടെ സുഹൃത്തുക്കളുമായി ചേര്‍ന്നു സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേല്‍ കണ്ണുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി. ഈ വിവരം പോലീസിന്റെ ചെവിയിലെത്തിയതോടെയാണ് സജിയെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടര്‍ന്നു പോലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ സജി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

കൊലയാണെന്ന് വ്യക്തമായതോടെ പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.

ആറു വര്‍ഷം മുന്‍പ് തങ്കമ്മയുടെ ഭര്‍ത്താവ് കുട്ടപ്പന്‍ മരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയില്‍ പ്രധാന റോഡില്‍ നിന്നും 400 മീറ്റര്‍ മുകളിലാണു ഇവര്‍ താമസിക്കുന്ന വീട്. അയല്‍പക്കത്ത് മറ്റു വീടുകള്‍ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്ബിലെ ജോലികള്‍ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന സിനിയുടെ നിരന്തരമായ ആവശ്യത്തില്‍ പ്രകേപിതനായാണ് സജി ഇരുവരേയും കൊലപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.






Other News in this category



4malayalees Recommends