സ്‌പോണ്‍സര്‍ ചതിച്ചു; ഒരു വര്‍ഷമായി ശമ്പളം നല്‍കിയില്ല; കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയും കഴിഞ്ഞു;ഒടുവില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് പ്രവാസ ദുരിത ജീവിതത്തില്‍ നിന്നും മോചനം ലഭിച്ചത് ഇങ്ങനെ

സ്‌പോണ്‍സര്‍ ചതിച്ചു; ഒരു വര്‍ഷമായി ശമ്പളം നല്‍കിയില്ല; കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയും കഴിഞ്ഞു;ഒടുവില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് പ്രവാസ ദുരിത ജീവിതത്തില്‍ നിന്നും മോചനം ലഭിച്ചത് ഇങ്ങനെ
സ്പോണ്‍സറുടെ വഞ്ചന മൂലം വിദേശത്ത് ദുരിതത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ക്ക് മോചനം.ഒരു വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയത് മൂലം ജീവിതം ദുരിതത്തിലായ അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ ആണ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.ഒരേ സ്പോണ്‍സറിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന പ്രണോ ദിബല്‍ഷ്, തൊമ്മയ് അഭിഷേക് സ്റ്റാനിസ്ലസ്, ലൂക്കാസ് ആന്റണി, ഗോല്‍ബി ഫ്രാന്‍സിസ്, ശിവാനന്ദന്‍ സുബ്ബയ്യ എന്നീ തൊഴിലാളികളാണ് ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. മൂന്നു വര്‍ഷമായി ഇവര്‍ പ്രവാസജീവിതം നയിക്കുന്നു.പലപ്പോഴും അവര്‍ക്ക് ശമ്പളം കൃത്യ സമയത്ത് ലഭിച്ചിരുന്നില്ല.എന്നാല്‍ ശമ്പള കുടിശ്ശിക ഒരു വര്‍ഷത്തോളമായപ്പോള്‍ അവര്‍ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.എന്നാല്‍ സ്പോണ്‍സര്‍ അത് വകവച്ചില്ല. കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയും ഇവര്‍ ആഹാര സാധനങ്ങള്‍ വാങ്ങി.തുടര്‍ന്ന് നാട്ടിലറിയിച്ചതിനെത്തുടര്‍ന്ന് നാട്ടിലെ ബന്ധുക്കള്‍ തമിഴ്നാട് സര്‍ക്കാരിനും, അധികൃതര്‍ക്കും, കേന്ദ്രവിദേശകാര്യവകുപ്പിലും പരാതിപ്പെട്ടു.എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല.ഒടുവില്‍ ഇവരുടെ ദുരിതമറിഞ്ഞ രാജേന്ദ്രന്‍ എന്ന മലയാളി ഇവര്‍ക്ക് നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെ നമ്പര്‍ നല്‍കി. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ഷിബുകുമാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം വാങ്ങി. ഷിബുകുമാറിന്റെ സഹായത്തോടെ അഞ്ചുപേരും ദമ്മാം ലേബര്‍ കോടതിയില്‍ സ്പോണ്‍സറിനെതിരെ കേസ് ഫയല്‍ ചെയ്തു. ഷിബുകുമാര്‍ കോടതിയില്‍ ഇവര്‍ക്കായി ഹാജരായി വാദിച്ചു. എന്നാല്‍ ഇതറിഞ്ഞ സ്‌പോണ്‍സര്‍ അന്നു രാത്രി ഇവരുടെ റൂമില്‍ എത്തി, ഭീഷണിപ്പെടുത്തി ബലമായി ചില സാലറി സ്ലിപ്പുകളില്‍ ഒപ്പിട്ടു വാങ്ങി. എന്നാല്‍ മല്‍സ്യത്തൊഴിലാളികളില്‍ ഒരാള്‍ സ്‌പോണ്‍സറുടെ ഈ അതിക്രമവും, സംസാരവും രഹസ്യമായി മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തിരുന്നു. കോടതിയില്‍ കേസിനായി വിളിച്ചപ്പോള്‍ അവിടെ എത്തിയ സ്പോണ്‍സര്‍ താന്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുഴുവന്‍ നല്‍കിയിട്ടുണ്ട് എന്ന് സാലറി സ്ലിപ്പ് കാണിച്ചു വാദിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കണ്ടതോടെ ലേബര്‍ ഓഫീസറിന് സത്യം മനസിലായി. ഇതോടെ തൊഴിലാളികള്‍ക്ക് കുടിശ്ശികശമ്പളം മുഴുവന്‍ നല്‍കി നാട്ടിലേക്ക് തിരിച്ചയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Related News

Other News in this category4malayalees Recommends