കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ അടക്കമുള്ള ചില വിദേശശക്തികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്ക ശക്തം; മുന്‍കരുതലായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമുണ്ടായേക്കും; ഫേ്‌സബുക്കിനും ട്വിറ്ററിനും ഗൂഗിളിനും പിടിമുറുകും

കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ അടക്കമുള്ള ചില വിദേശശക്തികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്ക ശക്തം; മുന്‍കരുതലായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമുണ്ടായേക്കും; ഫേ്‌സബുക്കിനും ട്വിറ്ററിനും ഗൂഗിളിനും പിടിമുറുകും
ഈ വരുന്ന ഒക്ടോബറില്‍ കാനഡയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക കനത്തതതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കനേഡിയന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിലൂടെ രാജ്യത്ത് നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നാണ് ഇതിന്റെ ചുമതലയുള്ള കാബിനറ്റ് മിനിസ്റ്റര്‍ തിങ്കളാഴ്ച ഉറപ്പേകിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ ഇടപെടുമെന്ന ഉത്കണ്ഠ രാജ്യത്തെ രണ്ട് പ്രമുഖ സ്‌പൈ ഏജന്‍സികള്‍ രേഖപ്പെടുത്തി അധികം വൈകുന്നതിന് മുമ്പാണ് ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മിനിസ്റ്ററായ കരിന ഗൗള്‍ഡ് സമാനമായ ആശങ്കയുയര്‍ത്തിയിരിക്കുന്നത്.

റഷ്യ ഈ ഇലക്ഷനില്‍ ഇടപെട്ട് അതിന്റെ സത്യസന്ധതയെ തകര്‍ക്കുമെന്ന ആശങ്ക കനേഡിയന്‍ വിദേശ കാര്യമന്ത്രിയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡും കഴിഞ്ഞ ആഴ്ച പ്രകടിപ്പിച്ചിരുന്നു. ഇവിടുത്തെ ജനാധിപത്യത്തെ നശിപ്പിക്കാന്‍ വിദേശകരങ്ങള്‍ ഇടപെടുമെന്നാണ് ക്രിസ്റ്റിയ മുന്നറിയിപ്പേകിയിരുന്നത്. ഈ ഒരു ആപത്കരമായ സാഹചര്യത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ആല്‍ഫബറ്റ്, ഗൂഗിള്‍ എന്നിവ അതത് പ്ലാറ്റ്‌ഫോമുകളുുടെ സുതാര്യത, സത്യസന്ധത,തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് ഇലക്ഷനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഗൗള്‍ഡ് ആവശ്യപ്പെട്ടിരുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള നീചമായ സൈബര്‍ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുള്ള സുരക്ഷിതവഴികള്‍ സ്വീകരിച്ചാണ് ഇലക്ഷന്റെ ശുദ്ധത ഇത്തരം കമ്പനികള്‍ ഉറപ്പ് വരുത്തേണ്ടതെന്നും ഗൗള്‍ഡ് നിര്‍ദേശിക്കുന്നു. ഇവ ഉറപ്പ് വരുത്തുന്നതിനായി ഈ പ്ലാറ്റ്‌ഫോമുകള്‍ സ്വന്തം നിലയില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അവ എല്ലാ കാര്യങ്ങളും പരസ്യമായി വെളിപ്പെടുത്തുമെന്ന വിശ്വാസം തനിക്കില്ലെന്നും ഗൗള്‍ഡ് ഒരു പത്രസമ്മേളനത്തിനിടെ ആശങ്കപ്പെട്ടിരുന്നു.

എന്നാല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇലക്ഷന് മുമ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ രാഷ്ട്രീയപരമായ പരസ്യങ്ങള്‍ നിരോധിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞമാസം ഉറപ്പേകിയിരുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ കൊടുക്കുന്നതിന് മുമ്പ് അഡൈ്വസര്‍ടൈസര്‍മാര്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന നിബന്ധന നടപ്പിലാക്കുമെന്ന് ഫേസ്ബുക്കും കുറച്ച് നാള്‍ മുമ്പ് ഉറപ്പേകിയിരുന്നു.

Other News in this category



4malayalees Recommends