സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഓശാന തിരുനാളോടെ തുടക്കം

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഓശാന തിരുനാളോടെ തുടക്കം
ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ണ്ട ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.


ഇന്ന് (ഏപ്രില്‍ 14 ഞായര്‍) രാവിലെ 9.30 ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ മുഖ്യ കാര്‍മ്മികനായി. ഫാ. ഫിലിപ്പ് വടക്കേക്കര സഹ കാര്‍മികത്വം വഹിച്ചു.


കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി കുരുത്തോലകളും കൈയ്യിലേന്തി 'ഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…' എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട് ഇടവകാംഗങ്ങള്‍ ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു.


ദിവ്യബലി മധ്യേ വിശുദ്ധ മത്തായിയുടെ സുവിശേഷം 21 അദ്ധ്യായത്തിലെ ഒന്ന് മുതല്‍ പതിനേഴുവരെയുള്ള തിരുവചനകളെ ഉദ്ധരിച്ചു വചന സന്ദേശം നല്‍കി.ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.


വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണകളുണര്‍ത്തുന്ന പെസഹ തിരുക്കര്‍മങ്ങള്‍ 18ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയ്ക്കുശേഷം അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.


കുരിശുമരണത്തിന്റെ സ്മരണകള്‍ പേറുന്ന ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും. തിരുക്കര്‍മങ്ങള്‍ക്ക് ഇടവക വികാരി നേതൃത്വം നല്‍കും.ആഘോഷമായ കുരിശിന്റെവഴിക്ക് കുട്ടികളും യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കൈയ്പു നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.


20ന് ദുഃഖശനിയാഴ്ച രാവിലെ ഒന്‍പതിന് പുത്തന്‍ വെള്ളം വെഞ്ചരിക്കലും, പുത്തന്‍ ദീപം തെളിയിക്കല്‍ തുടര്‍ന്ന് ആഘോഷപൂര്‍വമായ ദിവ്യബലിയും നടക്കും.


ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ രാത്രി 7.30ന് ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചു സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.


വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളിലും ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ വികാരി അച്ചനും, ട്രസ്റ്റിമാരും എല്ലാ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) (7326903934), ടോണി മങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908)4002492.

വെബ്:www.stthomassyronj.org


സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.


Other News in this category



4malayalees Recommends