ഡീക്കന്‍ തോമസ് പൂതികോട്ടിനു കശീശപട്ടം നല്‍കുന്നു

ഡീക്കന്‍ തോമസ് പൂതികോട്ടിനു കശീശപട്ടം നല്‍കുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭി. സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഏപ്രില്‍ 27നു ശനിയാഴ്ച ഡീക്കന്‍ തോമസ് പൂതികോട്ടിനു കശീശ പട്ടം നല്‍കും. അന്നേദിവസം രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കുര്‍ബാന മധ്യേ ആണ് കശീശപട്ടിന്റെ ചടങ്ങുകള്‍ നടക്കുക. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ അപ്രേം സഹകാര്‍മികനായിരിക്കും.


അര്‍ബാനയിലെ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ന്യൂയോര്‍ക്കിലെ വ്‌ളാഡിമിര്‍ സെമിനാരിയില്‍ നിന്നും തിയോളജിയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സുറിയാനി ഭാഷയുടെ ഉപരിപഠനവും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഡീക്കന്‍ ഷോണ്‍ തോമസ്.


ഷെറി തോമസ് സുജമോള്‍ തോമസ് ദമ്പതികളുടെ മൂത്ത മകനായ ഡീക്കന്‍ ഷോണ്‍ ചെറുപ്പം മുതല്‍ തന്നെ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നു. ഷെയിന്‍ തോമസ്, ഷെര്‍വിന്‍ തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയ വികാരി റവ.ഫാ. രാജു ഡാനിയേലിന്റെ പുത്രി ലിജന്‍ ആണ് ഡീക്കന്‍ ഷോണിന്റെ സഹധര്‍മ്മിണി.


കോളജ് തലങ്ങളില്‍ പഠിക്കുമ്പോള്‍ ഇതര നൂതന സഭകളിലേക്ക് ചേക്കേറിപ്പോകുന്ന എക്യൂമെനിക്കല്‍ വിദ്യാര്‍ത്ഥികളെ സത്യവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ യുവതലമുറയില്‍പ്പെട്ട, പട്ടത്വ ശുശ്രൂഷയിലേക്ക് കടന്നുവരുന്ന ഡീക്കന്‍ ഷോണ്‍ തോമസിനെ പോലുള്ളവര്‍ക്ക് കഴിയുമെന്നു കരുതപ്പെടുന്നു.


എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വച്ചു നടക്കുന്ന ആത്മീയ ശുശ്രൂഷയിലേക്ക് ഏവരും പ്രാര്‍ത്ഥനയോടെ സംബന്ധിക്കണമെന്ന് വികാരി രാജു ഡാനിയേല്‍ അച്ചന്‍, അസിസ്റ്റന്റ് വികാരി ടെജി അച്ചന്‍ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends