മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി വിഷുവും ഈസ്റ്ററും ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി വിഷുവും ഈസ്റ്ററും ആഘോഷിച്ചു
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. മെയ് പതിനൊന്നാം തീയതി ശനിയാഴ്ച ടെല്ലഹസിയിലെ വുഡ്‌വില്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ അരങ്ങേറി.


അസോസിയേഷന്‍ ഭാരവാഹികളായ അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കളായ പനംപുന്ന അലക്‌സ് കുഞ്ഞമ്മ അലക്‌സ്, അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍, മുന്‍ പ്രസിഡന്റുമാരായ സിനില്‍ മാളിയേക്കല്‍, ജോര്‍ജ് ഇട്ടി, അസോസിയേഷന്‍ അംഗങ്ങളായ ജിന്‍സി പ്രഷീല്‍, മിനി സിനില്‍, സിന്ധു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്കു തുടക്കംകുറിച്ചു.


വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ചും, ഈസ്റ്ററിന്റെ ചരിത്രത്തെക്കുറിച്ചും മുതിര്‍ന്ന കുട്ടികള്‍ അവതരണം നടത്തി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കു ഇത്തരം ആഘോഷങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ഇതുകൊണ്ടു സാധിച്ചു.


തുടര്‍ന്നു അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈസ്റ്റര്‍ എഗ്ഗ് ഹണ്ട്, വിവിധതരം മത്സരങ്ങള്‍, നൃത്തനൃത്യങ്ങള്‍, ഗാനാലാപനം എന്നിങ്ങനെയുള്ള പരിപാടികള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. മുതിര്‍ന്ന അംഗങ്ങള്‍ വിഷുക്കൈനീട്ടം നല്‍കിയും, ലോക മാതൃദിനം പ്രമാണിച്ച് അമ്മമാര്‍ക്ക് കുട്ടികള്‍ സ്‌നേഹോപഹാരവും നല്‍കി. പ്രായഭേദമെന്യേ കുട്ടികളും മുതിര്‍ന്നവരും ആഘോഷങ്ങളില്‍ പങ്കാളികളായി. അതിനുശേഷം അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്കു പരിസമാപ്തിയായി.


അസോസിയേഷന്‍ ഭാരവാഹികളായ അരുണ്‍ ജോര്‍ജ്, നിദ ഫ്‌ളെമിയോന്‍, ശീതള്‍ കോട്ടായി, സിന്ധു അനില്‍, സോണിയ പ്രദീപ്, സുജിത് പോള്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category4malayalees Recommends