വിദ്യാര്‍ത്ഥികളുടെ പരീക്ഷ അധ്യാപകനെഴുതിയ സംഭവം ; അറസ്റ്റുടനുണ്ടായേക്കും ; പ്ലസ് വണ്‍ പരീക്ഷയിലും അധ്യാപകന്‍ ക്രമക്കേട് നടത്തിയതായി സൂചന

വിദ്യാര്‍ത്ഥികളുടെ പരീക്ഷ അധ്യാപകനെഴുതിയ സംഭവം ; അറസ്റ്റുടനുണ്ടായേക്കും ; പ്ലസ് വണ്‍ പരീക്ഷയിലും അധ്യാപകന്‍ ക്രമക്കേട് നടത്തിയതായി സൂചന
നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകനെഴുതിയ ഉത്തരകടലാസ് പോലീസ് കസ്റ്റഡിയിലെടുക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്താണ് ഉത്തരകടലാസുള്ളത്. കേസില്‍ നിര്‍ണ്ണായക തെളിവാണിത്. പിന്നാലെ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് നടക്കും. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍ എന്നിവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടാനുള്ള ഒരുക്കത്തിലാണിവര്‍. അതിനും മുമ്പേ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം.

ഉത്തര കടലാസ് വരും ദിവസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥികളുടെ കൈപ്പടയല്ലെന്നും അധ്യാപകന്റേതാണെന്നും ഇതിലൂടെ തെളിയിക്കാനാകും. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തു. അധ്യാപകര്‍ കൂടുതല്‍ ക്രമക്കേട് നടത്തിയതായും സൂചനയുണ്ട്. പ്ലസ് വണ്‍ പരീക്ഷയിലും അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി ഉത്തരമെഴുതിയതായി തെളിഞ്ഞിരുന്നു. രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇതു തങ്ങളുടെ കൈയ്യക്ഷരമല്ലെന്ന് പേപ്പര്‍ കണ്ട് വ്യക്തമാക്കി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ ഉത്തര കടലാസുകള്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി. ആള്‍മാറാട്ടം നടത്തി ഉത്തരം പൂര്‍ണ്ണമായും എഴുതിയിരിക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷയെഴുതാനാണ് ഡയറക്ടറേറ്റിന്റെ ഉത്തരവ്. എന്നാല്‍ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഈ കാര്യത്തില്‍ അതൃപ്തിയിലും ആശങ്കയിലുമാണ് .

Other News in this category4malayalees Recommends