നവജാത ശിശുവിനെ തോട്ടില്‍ ഉപേക്ഷിച്ച സംഭവം ; പുഴുവരിച്ച് തോട്ടില്‍ കുഞ്ഞ് കിടന്നത് രണ്ടു ദിവസം ; ക്രൂരത കാട്ടിയ അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

നവജാത ശിശുവിനെ തോട്ടില്‍ ഉപേക്ഷിച്ച സംഭവം ; പുഴുവരിച്ച് തോട്ടില്‍ കുഞ്ഞ് കിടന്നത് രണ്ടു ദിവസം ; ക്രൂരത കാട്ടിയ അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ
അട്ടപ്പാടിയില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയ്ക്ക് 5 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും. അടളി കൊട്ടമേട് സ്വദേശിനി മരതകത്തെ (52)യാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 ഓഗസ്റ്റ് 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മരതകം പ്രസവിച്ച കുഞ്ഞിനെ ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താഴ്ച്ചയിലുള്ള തോട്ടിലേയ്ക്ക് എറിഞ്ഞു കളയുകയായിരുന്നുവെന്നാണ് കേസ്. ധാരാളം വന്യമൃഗങ്ങളുള്ള കാടാണെങ്കിലും കുഞ്ഞ് രണ്ട് ദിവസത്തോളം കാട്ടില്‍ ജീവനോടെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടു മേയ്ക്കാനെത്തിയ ഊരിലെ പാപ്പാള്‍ എന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.


നാട്ടുകാര്‍ കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ ദേഹമാസകലം പുഴുവരിച്ച് കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച കുഞ്ഞിനെ പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത ശേഷം കുഞ്ഞിനെ പോലീസ് ശിശുസംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രൊവിഡന്‍സ് ഹോമിന് കൈമാറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ കണ്ടെത്തിയതുമൂലം സ്വതന്ത്ര എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.

അഗളി പോലീസാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് കുറ്റകൃത്യം തെളിയിച്ചത്.

Other News in this category4malayalees Recommends