അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കാന്‍ ട്രംപ്

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കാന്‍ ട്രംപ്
അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിര്‍ബന്ധമാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാനാണ് യു എസ് ഭരണകൂടം ഒരുങ്ങുന്നത്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ്, കുടിയേറ്റം സംബന്ധിച്ച തന്റെ പുതിയ നിലപാട് വ്യക്തമാക്കും.

അമേരിക്കയുടെ ഇമിഗ്രേഷന്‍ പോളിസി ഉടച്ചുവാര്‍ക്കാനാണ് പുതിയ നിര്‍ദേശം. ഇതുവരെ വിദേശീയര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീന്‍ കാര്‍ഡ് അനുവദിക്കുക. അമേരിക്കയില്‍ ബന്ധുക്കളുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ എളുപ്പമായിരുന്നു ഇതുവരെ.

അതിനുപകരം, ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള, യുഎസില്‍ തൊഴിലുള്ള വിദേശീയര്‍ക്കാണ് ഇനി ഗ്രീന്‍ കാര്‍ഡിന് മുന്‍ഗണന നല്‍കുക.

എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഈ തീരുമാനം അനുഗ്രഹമാകും.ഗ്രീന്‍ കാര്‍ഡ് അനുമതിയില്‍ 66 ശതമാനവും കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ നല്‍കി വരുന്നത്. 12 ശതമാനം മാത്രമാണ് നൈപുണ്യത്തിന്റെയും പ്രൊഫഷണല്‍ മികവിന്റേയും അടിസ്ഥാനത്തില്‍ നല്‍കുന്നുള്ളൂ. കാനഡ പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം വളരെ കുറവാണ്.

ഒരു വര്‍ഷം 1.1 ദശലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് യുഎസ് നല്‍കുന്നത്. ഇതില്‍ പകുതിയില്‍ കൂടുതലും മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കണമെന്നതാണ് ഇപ്പോഴത്തെ നിര്‍ദേശം.

Other News in this category4malayalees Recommends