സൗത്ത് ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലേക്കും പാം ബീച്ച് കൗണ്ടിയിലേക്കും ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴുക്കി വിടാനൊരുങ്ങുന്നു; ആഴ്ച തോറും വിമാനമാര്‍ഗം നൂറിലധികം കുടിയേറ്റക്കാരെത്തും; നേരിടാന്‍ സജ്ജരായി അധികാരികള്‍

സൗത്ത് ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലേക്കും പാം ബീച്ച് കൗണ്ടിയിലേക്കും ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴുക്കി വിടാനൊരുങ്ങുന്നു; ആഴ്ച തോറും വിമാനമാര്‍ഗം നൂറിലധികം കുടിയേറ്റക്കാരെത്തും; നേരിടാന്‍ സജ്ജരായി അധികാരികള്‍
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിച്ചേരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ഒഴുക്കി വിടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിനെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുത്ത് വരുന്നുവെന്നും വെളിപ്പെടുത്തി സൗത്ത് ഫ്‌ലോറിഡയിലെ ഒഫീഷ്യലുകള്‍ രംഗത്തെത്തി. ബ്രോവാര്‍ഡ് കൗണ്ടി മേയറായ മാര്‍ക്ക് ബോഗെനാണ് ഇന്നലെ ഈ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഫെഡറല്‍ ഗവണ്‍മെന്റ് തങ്ങള്‍ക്കും അടുത്തുള്ള പാം ബീച്ച് കൗണ്ടിക്കും മുന്നറിയിപ്പേകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇരു കൗണ്ടികളിലേക്കും ആഴ്ച തോറും വിമാനമാര്‍ഗം നൂറിലധികം കുടിയേറ്റക്കാരെ അയക്കുമെന്ന മുന്നറിയിപ്പാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഈ കൗണ്ടികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ബോഗെന്‍ പറയുന്നു. രണ്ടാഴ്ചക്കകം ഇത്തരത്തില്‍ കുടിയേറ്റ പ്രവാഹമുണ്ടാകുമെന്നാണ് അദ്ദേഹം സൂചനയേകുന്നത്.

വൈറ്റ് ഹൗസ് ഈ പദ്ധതി ഇന്ന് രാവിലെ വരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സിബിഎസ് ന്യൂസ് കറസ്‌പോണ്ടന്റായ ബെന്‍ ട്രാസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ കുടിയേറ്റ നയത്തെ എതിര്‍ക്കുന്ന ശത്രുക്കളെ ശിക്ഷിക്കുന്നതിനായി സാന്‍ക്ച്വറി സിറ്റികളിലേക്ക് നിയമവിരുദ്ധരായ കുടിയേറ്റക്കാരെ വന്‍ തോതില്‍ അയക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് കഴിഞ്ഞ മാസം ട്രംപ് സൂചനയേകിയിരുന്നു. മിയാമി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎസ് ബോര്‍ഡര്‍ പട്രോളിന്റെ ഓഫീസില്‍ നിന്നും ഈ പദ്ധതിയെക്കുറിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചുവെന്നാണ് പാം ബീച്ച് കൗണ്ടി ഷെറീഫായ റിക് ബ്രാഡ്ഷാ വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends