രാഹുല്‍ നിരാശയില്‍ ; അമേഠിയിലെ തോല്‍വി വിശ്വസിക്കാനാകാതെ കോണ്‍ഗ്രസ് ; ബിജെപിയുടെ വിജയത്തില്‍ സഖ്യകക്ഷികള്‍ രാഹുലിനെ പഴിക്കുന്നു ; അമേഠി രാഹുലിനെ തള്ളാന്‍ കാരണം ?

രാഹുല്‍ നിരാശയില്‍ ; അമേഠിയിലെ തോല്‍വി വിശ്വസിക്കാനാകാതെ കോണ്‍ഗ്രസ് ; ബിജെപിയുടെ വിജയത്തില്‍ സഖ്യകക്ഷികള്‍ രാഹുലിനെ പഴിക്കുന്നു ; അമേഠി രാഹുലിനെ തള്ളാന്‍ കാരണം ?
അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷവും ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷവുമായി അധികാരത്തുടര്‍ച്ച. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസിതര പാര്‍ട്ടി രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്. മുന്നൂറിലധികം സീറ്റുകളുമായി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തേരോട്ടം നടത്തിയ ബിജെപി ബംഗാളിലും യുപിയിലും ഡല്‍ഹിയിലും വലിയ മേല്‍ക്കൈ നേടി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വി യുപിഎയെ കൂടുതല്‍ തളര്‍ത്തി. ബിജെപി ഒറ്റയ്ക്ക് 304 സീറ്റുകള്‍ വിജയിച്ചപ്പോള്‍ ബിജെപി നയിക്കു്‌ന എന്‍ഡിഎ മുന്നണി 352 സീറ്റുകളാണ് വിജയിച്ചത്. സീറ്റുകളുടെ എണ്ണത്തിലുള്ള കുറവുമൂലം ഇത്തവണയും കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അഞ്ച് സീറ്റിലേയ്ക്ക് കൂപ്പുകുത്തി. യുപിയില്‍ ബിജെപിയ്ക്ക് വെല്ലുവിളിയാകുമെന്ന് കണക്കുകൂട്ടിയ എസ് പി സഖ്യവും ദയനീയമായി പരാജയപ്പെട്ടു.

അമേഠിയിലെ തോല്‍വി രാഹുലിന് തിരിച്ചടിയായി

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സ്മൃതി ഇറാനി നേടിയതാണ് അമേഠി. കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്ത്രം മെനയുകയായിരുന്നു സ്മൃതി.

അമേഠിയില്‍ ഇത് രണ്ടാം തവണയാണ് ഗാന്ധികുടുംബത്തില്‍ നിന്നൊരാള്‍ പരാജയപ്പെടുന്നത്. 1977ല്‍ ജനതാ പാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും 1998ല്‍ ബിജപി നേതാവ് സഞ്ജയ് സിങും അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തിയിട്ടുണ്ട്. അമേഠിയിലെ തോല്‍വി രാഹുല്‍ ഗാന്ധിയ്ക്ക് വലിയ തിരിച്ചടിയാണ്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ സോണിയ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിജയിപ്പിച്ചിട്ടുള്ള അമേഠിക്കാര്‍ ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 40000 വോട്ടിന് തോല്‍പ്പിച്ചു.


അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് ഗാന്ധിയെ 75000ത്തോളം വോട്ടിന് അമേഠിയിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 1980ന് ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ സഞ്ജയ് അമേഠിയില്‍ തന്നെ ജയിച്ചു കയറി. എന്നാല്‍ 40 വര്‍ഷത്തിനു ശേഷം ദുരവസ്ഥ വീണ്ടും ഗാന്ധികുടുംബത്തെ തേടിയെത്തി.

വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരനായ രാജീവ് അമേഠിയില്‍ മത്സരിച്ച് 2.37,696 വോട്ടിന് ജയിക്കുകയായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ രാജീവ് തന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. 1991ല്‍ തമിഴ് പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടാണ് നേടിയത്.

രാജീവിന്റെ മരണത്തിനു ശേഷം സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന സോണിയ ഗാന്ധി 1999 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് തിരിച്ചു വരുമ്പോള്‍ അമേഠിയില്‍ നിന്ന് മൂന്ന് ലക്ഷത്തിലധിം വോട്ടിനാണ് ജയിച്ചത്. ഇതിനിടയില്‍ 1998ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 23,270 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അമേഠിയില്‍ നിന്ന് ജയിച്ചിരുന്നു.

2004ല്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുമ്പോഴും ആദ്യം മത്സരിച്ച മണ്ഡലം അമേഠിയായിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,70,198 വോട്ടാക്കി തന്റെ ഭൂരിപക്ഷം ഉയര്‍ത്തി. എന്നാല്‍ 2014ലെ ബിജെപി തരംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. അമേഠിയില്‍ ഒരു ഗാന്ധികുടുംബാഗം നേരിടുന്ന ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു അത്. അന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ മുട്ടുകുത്തിക്കുകയായിരുന്നു.

Other News in this category



4malayalees Recommends