ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം തിരുതകൃതി; ബോറിസ് ജോണ്‍സനും ജെറമി ഹണ്ടും റോറി സ്റ്റിയൂവര്‍ട്ടും എസ്‌തെര്‍ മാക് വേയും മുന്‍നിരയില്‍; പാര്‍ട്ടിയില്‍ ചേരിതിരിവുകളും ഗ്രൂപ്പ് വഴക്കുകളും വീണ്ടും ഉയര്‍ന്നേക്കാമെന്ന ആശങ്ക ശക്തം

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം തിരുതകൃതി; ബോറിസ് ജോണ്‍സനും  ജെറമി ഹണ്ടും റോറി സ്റ്റിയൂവര്‍ട്ടും എസ്‌തെര്‍ മാക് വേയും മുന്‍നിരയില്‍; പാര്‍ട്ടിയില്‍ ചേരിതിരിവുകളും ഗ്രൂപ്പ് വഴക്കുകളും വീണ്ടും ഉയര്‍ന്നേക്കാമെന്ന ആശങ്ക ശക്തം
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തന്റെ രാജി സന്നദ്ധത പ്രഖ്യാപിച്ചതോടെ അടുത്ത പ്രധാനമന്ത്രിയാകുന്നതിനുള്ള മത്സരം ടോറി നേതാക്കള്‍ക്കിടയില്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വീണ്ടും ഗ്രൂപ്പ് വഴക്കും ചേരിതിരിവുകളും കാല് വാരലും ആരംഭിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. അടുത്ത മാസം രാജി വയ്ക്കുമെന്നാണ് ഇന്നലെ തെരേസ നിര്‍ണായകമായ പ്രഖ്യാപനം നടത്തിയിരുന്നത്. പ്രധാമന്ത്രി സ്ഥാനത്തിന് പുറമെ പുതിയ ടോറി നേതാവാകുന്നതിനുള്ള മത്സരം കൂടിയാണിത്. ഈ വര്‍ഷം ജൂലൈ അവസാനത്തോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനാവുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലവന്‍മാര്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ ഏഴിന് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്നാണ് തെരേസ ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ പിന്‍ഗാമിയാകുന്നതിനുള്ള മത്സരം നടക്കുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നും തുടരുമെന്നും തെരേസ പ്രഖ്യാപിച്ചിരുന്നു. അതായത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുകെ സന്ദര്‍ശിക്കുന്ന വേളയില്‍ ആതിഥേയത്വമരുളുന്നതിനായാണ് തെരേസ പിന്നീടും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളോട് താന്‍ യോജിക്കുന്നുവെന്നും ടോറി ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയോട് തെരേസ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. തെരേസയുടെ പിന്‍ഗാമിയാകുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് നിലവില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട്, ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി റോറി സ്റ്റിയൂവര്‍ട്ട്, മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്‍, മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി എസ്‌തെര്‍ മാക് വേ എന്നിവരാണിവര്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് പുറമെ ഒരു ഡസനോളം വരുന്ന മറ്റ് ടോറി നേതാക്കളും തെരേസയുടെ സ്ഥാനം കൊതിച്ച് മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 1922 ചെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് മത്സരത്തിനിറങ്ങുന്ന കാര്യം പരിഗണിക്കുന്ന സര്‍ ഗ്രഹാം അടക്കമുള്ളവര്‍ ഇതില്‍ പെടുന്നു. എന്നാല്‍ താന്‍ ഇതിന് ശ്രമിക്കുന്നുവെന്ന കാര്യം വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ആംബര്‍ റുഡ് നിഷേധിച്ചിട്ടുണ്ട്. ഭാവിയില്‍ ബോറിസുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ആലോചിക്കുന്നതെന്നും റുഡ് പറയുന്നു. താന്‍ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ് നിഷേധിച്ചിരുന്നു.

Other News in this category4malayalees Recommends