അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയേക്കും ; ജെയ്റ്റ്‌ലിയും സുഷമ സ്വരാജും സ്ഥാനങ്ങളേറ്റെടുത്തേക്കില്ല

അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയേക്കും ; ജെയ്റ്റ്‌ലിയും സുഷമ സ്വരാജും സ്ഥാനങ്ങളേറ്റെടുത്തേക്കില്ല
ലോക്‌സഭാ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറുന്ന സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും. അധ്യക്ഷപദവി പൂര്‍ത്തിയാക്കിയ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. അമിത് ഷായ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നാണ് സൂചന. നിലവിലെ ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങിന് പ്രതിരോധ വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഇതു സംബന്ധിച്ച് അമിത് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച മറ്റു മന്ത്രിമാരും പുതിയ മന്ത്രിസഭയിലും തുടര്‍ന്നേക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കേന്ദ്രമന്ത്രിമാരാകില്ലെന്നാണ് വിവരം. സുഷമാ സ്വരാജ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. ജെയ്റ്റ്‌ലിയ്ക്ക് പകരക്കാരനായി പീയൂഷ് ഗോയല്‍ ധനകാര്യമന്ത്രാലയത്തിന്റെയും മുന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വിദേശകാര്യമന്ത്രാലയവും കൈകാര്യം ചെയ്‌തേക്കുമെന്നാണ് വിവരം.

കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിങ് തോര്‍, രാജ്യവര്‍ധന്‍ റാത്തോഡ്, ജെ പി നഡ്ഡ, ജയന്ത് സിന്‍ഹ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും. സ്വതന്ത്രചുമതലയുണ്ടായിരുന്ന ജയന്ത് സിന്‍ഹയെയും രാജ്യവര്‍ധന്‍ സിങിനെയും ക്യാബിനറ്റ് മന്ത്രിമാരാക്കുമെന്നും സൂചനയുണ്ട്. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് ജയിച്ച സ്മൃതി ഇറാനിയെ സ്പീക്കര്‍ പദവിയിലേയ്ക്ക് പരിഗണിക്കുമെന്നും വിവരമുണ്ട്.

എന്‍ഡിഎ മന്ത്രിസഭയിലെ ഒരേയൊരു മുസ്ലിം അംഗവും സഹമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്!!വിയ്ക്കും സ്ഥാനക്കയറ്റം ലഭിച്ചേക്കും. ബിജെപിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ച പുതിയ തട്ടകങ്ങളായ ബംഗാള്‍, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിലായിരിക്കും മന്ത്രിസഭാ രൂപീകരണം. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ തുടര്‍ന്നേക്കും. ഇത്തവണത്തെ മന്ത്രിസഭയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കാനും നീക്കമുണ്ട്.

Other News in this category4malayalees Recommends