യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും ജൂണ്‍ പത്ത് മുതല്‍ താരിഫുകള്‍ ചുമത്തി ട്രംപ്; ലക്ഷ്യം മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് സമ്മര്‍ദം ചെലുത്തല്‍

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും ജൂണ്‍ പത്ത് മുതല്‍ താരിഫുകള്‍ ചുമത്തി ട്രംപ്; ലക്ഷ്യം മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് സമ്മര്‍ദം ചെലുത്തല്‍
മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും താരിഫുകള്‍ ചുമത്തുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.യുഎസിലേക്കുള്ള നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയണമെന്ന സമ്മര്‍ദം ചെലുത്തിയാണ് ട്രംപിന്റെ ഈ പുതിയ കുടിയേറ്റ വിരുദ്ധ നീക്കമുണ്ടായിരിക്കുന്നത്.പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ പത്ത് മുതല്‍ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും അഞ്ച് ശതമാനം താരിഫ് ചുമത്തുമെന്നാണ് പുതിയ ട്വീറ്റിലൂടെ ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.

അതായത് മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് മെക്‌സിക്കോ മുന്‍കൈയെടുക്കാത്തിടത്തോളം കാലം ഈ താരിഫുകള്‍ ക്രമത്തില്‍ ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഇത്തരത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന താരിഫുകള്‍ കടുത്ത അനീതിയാണെന്നാണ് മെക്‌സിക്കോയിലെ നോര്‍ത്ത് അമേരിക്കയ്ക്ക് വേണ്ടിയുള്ള നയതന്ത്രപ്രതിനിധിയായ ജീസസ് സീഡ് പ്രതികരിച്ചിരിക്കുന്നത്.

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ഫെബ്രുവരിയില്‍ ഒരു നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കോയില്‍ നിന്നും യുഎസ് സതേണ്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണമില്ലാതെ കുടിയേറ്റക്കാര്‍ കടന്ന് വരുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതിനെ നിയന്ത്രിക്കുന്നതിന് ഇത്തരം താരിഫുകള്‍ അനിവാര്യമാണെന്നുമാണ് ട്രംപ് പുതിയ നീക്കത്തെ ന്യായീകരിച്ചിരിക്കുന്നത്. കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിന് കുടിയേറ്റ സംവിധാനത്തില്‍ അഴിച്ച് പണി വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ബോര്‍ഡര്‍ ഏജന്റുമാര്‍ പറയുന്നത്.എന്നാല്‍ കുടിയേറ്റക്കാരെ തെറ്റായ രീതിയിലാണ് ഏജന്റുമാര്‍ കൈകാര്യം ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

Other News in this category



4malayalees Recommends