അപകടമുണ്ടായപ്പോള്‍ സഹോദരനെ പോലെ കൂടെ നിന്നു ; ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമില്ലെന്ന് പ്രകാശ് തമ്പി

അപകടമുണ്ടായപ്പോള്‍ സഹോദരനെ പോലെ കൂടെ നിന്നു ; ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമില്ലെന്ന് പ്രകാശ് തമ്പി
ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയാണെന്നും അദ്ദേഹത്തിന്റെ മരണത്തിനു സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണെന്നും പ്രകാശ് തമ്പി പറഞ്ഞു. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ കൂടെ നിന്നു. അതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആണ് പ്രകാശ് തമ്പി.

അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതില്‍ ഇന്നലെ പരസ്പര വിരുദ്ധമായ മൊഴികള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നാണ് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. അതേസമയം ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ജ്യൂസ് കുടിച്ച കടയിലെ സി.സി. ടിവി ദൃശ്യങ്ങള്‍ താന്‍ തന്നെയാണ് കൊണ്ടുപോയതെന്ന് പ്രകാശന്‍ തമ്പി നേരത്തേ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംംബര്‍ 24നുണ്ടായ റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതോടെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധിപ്പിച്ച് സംശയം ഉയരുകയായിരുന്നു.

Other News in this category4malayalees Recommends