യുഎസില്‍ നിന്നും പരിധിയില്ലാതെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നതിനോട് യോജിപ്പില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി; ജനുവരി മുതല്‍ ഏതാണ്ട് 12,000 അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയച്ചു

യുഎസില്‍ നിന്നും പരിധിയില്ലാതെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നതിനോട് യോജിപ്പില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി;  ജനുവരി മുതല്‍ ഏതാണ്ട് 12,000 അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയച്ചു
യുഎസില്‍ നിന്നും പരിധിയില്ലാതെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന യുഎസ് നിലപാടിനെ തന്റെ രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് രംഗത്തെത്തി. വെള്ളിയാഴ്ച ഈ വിഷയവുമായി ബന്ധപ്പെട്ട് യുഎസ് ഒഫീഷ്യലുകളുമായി നടത്തിയ ചര്‍ച്ചക്ക് മുന്നോടിയായിട്ടാണ് ഈ നിര്‍ണായക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ഇത്തരത്തില്‍ മടക്കി അയക്കുന്ന പ്രോഗ്രാം വ്യാപിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മെക്‌സിക്കോ സമ്മതിച്ചിരുന്നു. ഇത് പ്രകാരം കൂടുതലായി സെന്‍ട്രല്‍ അമേരിക്കന്‍ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നതിന് സമ്മതം മൂളാനായിരുന്നു മെക്‌സിക്കോ നിര്‍ബന്ധിതമായത്. തങ്ങളുടെ യുഎസ് അസൈലം ക്ലെയിമുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കാത്തിരിക്കുന്നവരെയാണ് ഇത്തരത്തില്‍ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നത്.

റിമെയിന്‍ ഇന്‍ മെക്‌സിക്കോ എന്നറിയപ്പെടുന്ന ഈ പ്രോഗ്രാം മെക്‌സിക്കോയിലെ ഏതൊക്കെ നഗരങ്ങളിലേക്കാണ് വ്യാപിപ്പിക്കേണ്ടതെന്ന കാര്യമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് എബ്രാര്‍ഡ് വെളിപ്പെടുത്തുന്നു. എത്ര മാത്രം പേരെയാണ് ഇത്തരത്തില്‍ മടക്കി അയക്കേണ്ടതെന്ന കാര്യവും ഏതൊക്കെ രാജ്യക്കാരെയാണ് മെക്‌സിക്കോയ്ക്ക് സ്വീകരിക്കാനാവുകയെന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ പരിധിയില്ലാത്ത എണ്ണം അസൈലം സീക്കര്‍മാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറല്ലെന്നാണ് ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.നിലവില്‍ ടിജുവാന, മെക്‌സിക്കലി, സിയുഡാഡ് ജ്വാറസ്, എന്നീ നഗരങ്ങളിലാണ് ഈ പ്രൊഗ്രാം നടപ്പിലാക്കിയിരിക്കുന്നത്. ജനുവരി മുതല്‍ ഇത്തരത്തില്‍ ഏതാണ്ട് 12,000 അസൈലം സീക്കര്‍മാരാണ് ഈ വിധത്തില്‍ മെക്‌സിക്കോയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends