മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു
അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമിന്‍) നേതാവായിരുന്ന മുര്‍സി പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു.

പലസ്തീനിയന്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈജിപ്ഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ചാനലാണ് മുര്‍സി അന്തരിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലാദ്യമായി 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുര്‍സി. മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയില്‍ അധികാരത്തിലെത്തിയ ജനാധിപത്യ സര്‍ക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരനും അദ്ദേഹം തന്നെയാണ്. എന്നാല്‍ അധികകാലം ആ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിനായില്ല.

അധികാരത്തിലേറി അധികകാലം കഴിയും മുമ്പ്, മുര്‍സിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടന്നു. മുര്‍സി വിരുദ്ധര്‍ കെയ്‌റോയിലെ തെരുവുകളില്‍ നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് 2013 ജൂലൈ 4ന് അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കിയത്. ഇതിനു പിന്നാലെ നിരവധി കേസുകളില്‍ മുര്‍സി പ്രതിയാവുകയായിരുന്നു. പലതിലും ഇതോടകം ശിക്ഷിക്കപ്പെട്ടുകഴിഞ്ഞു. 2012ല്‍ ജനാധിപത്യ വിശ്വാസികളായ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുള്‍പ്പടെ പല കേസുകളിലായി ജീവപര്യന്തം തടവില്‍ക്കഴിയുകയായിരുന്നു അദ്ദേഹം.

Other News in this category



4malayalees Recommends