ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിനും മഴ ഭീഷണി ; നാളെ റിസര്‍വ് ദിനം ; കളി നടക്കാതെ വന്നാല്‍ ഇന്ത്യ ഫൈനലില്‍

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിനും മഴ ഭീഷണി ; നാളെ റിസര്‍വ് ദിനം ; കളി നടക്കാതെ വന്നാല്‍ ഇന്ത്യ ഫൈനലില്‍
ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ആദ്യഘട്ടത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നോട്ടിങ്ങാമില്‍ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഒഴിവാക്കിയത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇരുടീമുകളും സെമി കളിക്കാനെത്തുമ്പോള്‍ വീണ്ടും മഴ ഭീഷണിയാവുകയാണ്. രാവിലെ തന്നെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സരം വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉച്ചയോടെ ചെറിയ മഴയ്ക്ക് ഉറപ്പായും സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു. വൈകീട്ട് മൂന്ന് മണിയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മഴ ഇടക്കിടെ കളിയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ പോലെയല്ല, സെമിഫൈനലില്‍ ഒരു റിസര്‍വ് ദിനം കൂടിയുണ്ട്. ഇന്ന് അഥവാ കളി നടക്കാതെ പോയാല്‍ നാളെ മത്സരം വീണ്ടും നടത്തും. അഥവാ ഇന്ന് കളി തുടങ്ങി എവിടെയാണോ അവസാനിക്കുന്നത് അവിടെ മുതല്‍ നാളെ കളിക്കും. എന്നാല്‍ ബുധനാഴ്ചയും മാഞ്ചസ്റ്ററില്‍ അത്ര തെളിഞ്ഞ കാലാവസ്ഥയല്ല പ്രതീക്ഷിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഇന്നും നാളെയും മത്സരം നടക്കാതിരിക്കുകയാണെങ്കില്‍ ഇന്ത്യയായിരിക്കും ഫൈനലിലെത്തുക.

Other News in this category



4malayalees Recommends